എല്ലാ ടിബി രോഗികള്‍ക്കും കൊവിഡ് പരിശോധനയും തിരിച്ചും നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Update: 2020-08-27 09:29 GMT

ന്യൂഡല്‍ഹി: എല്ലാ കൊവിഡ് രോഗികള്‍ക്കും ടിബി പരിശോധന നടത്തണമെന്നും തിരിച്ച് ടിബി രോഗികള്‍ക്ക് കൊവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ടിബി ചികില്‍സയും കൊവിഡ് ചികില്‍സയും പരസ്പരം സംയോജിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നു. ടിബിക്കു പുറമെ ഇന്‍ഫ്‌ളുവന്‍സ, മറ്റ് ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാനാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്.

ടിബിയും കൊവിഡും ശ്വാസകോശത്തെയാണ് ആക്രമിക്കുന്നത്. കൊവിഡ് രോഗികളില്‍ 0.37-4.47 ശതമാനത്തോളം പേര്‍ ടിബി രോഗികളാണെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അതേസമയം ടിബി രോഗികളുടെ എണ്ണത്തില്‍ ജനവരി 2020 മുതല്‍ ജൂണ്‍ 2020 വരെയുള്ള കാലയളവില്‍ കുറവ് വന്നിട്ടുണ്ടെന്നും റിപോര്‍ട്ട് ഉണ്ട്. ടിബി, മറ്റ് ശ്വാസകോശരോഗങ്ങള്‍ എന്നിവയുള്ളവരിലാണ് രോഗബാധ തീവ്രമാകുന്നത്. കൊവിഡ് രോഗബാധിതരില്‍ ടിബിയുടെ സാന്നിധ്യം അപകടഭീഷണി 2.1 ഇരട്ടിയായി വര്‍ധിപ്പിക്കുമെന്നാണ് കണക്ക്. 

Tags: