ബലാല്‍സംഗക്കേസില്‍ ശിക്ഷ വിധിക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്ന് സുപ്രിംകോടതി

Update: 2020-10-23 07:20 GMT


ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ ശിക്ഷ വിധിക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്നും മറ്റുളളവരുടെ സാക്ഷ്യം ആവശ്യമില്ലെന്നും സുപ്രിംകോടതി. ജസ്റ്റിസ് അരിജിത് പസായത്ത്, പി സദാശിവം തുടങ്ങിയവര്‍ അംഗങ്ങളായ ബെഞ്ചിന്റേതാണ് ഈ അസാധാരണ വിധി. ബലാല്‍സംഗക്കേസില്‍ കുറ്റം തെളിയിക്കാന്‍ ഒരു ഡോക്ടറുടെ സാക്ഷ്യം അത്യാവശ്യമില്ലെന്നും കോടതി വിധിച്ചു. അതേ സമയം ഇരയുടെ സാക്ഷ്യം കോടതിക്ക് ബോധ്യപ്പെടുന്നതുമായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏതെങ്കിലും ഒരു ബലാല്‍സംഗക്കേസില്‍ ഒരു ഡോക്ടറുടെ പരിശോധനയില്‍ ബലാല്‍സംഗം നടന്നതായി കണ്ടെത്താനായില്ലെങ്കിലും ഇരയായ സ്ത്രീയെ അവിശ്വസിക്കേണ്ടതില്ലെന്നും അവരുടെ ഒറ്റ സാക്ഷ്യത്തിന്റെ വെൡച്ചത്തില്‍ വിധി പറയാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന സ്ത്രീയും അവരുടെ കുടുംബവും ഇത്തരം കുറ്റകൃത്യങ്ങള്‍ ഒളിച്ചുവയ്ക്കുകയാണ് പതിവ്. ആ സാഹചര്യത്തില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന സ്്ത്രീ സാക്ഷ്യം പറഞ്ഞാല്‍ അത് പരിഗണിക്കാതിരിക്കുന്നത് അവരുടെ വേദനയെ പരിഹസിക്കുന്നതിന് തുല്യമാണ്. ഇന്ത്യയില്‍ ഒരു സ്ത്രീയോ പെണ്‍കുട്ടിയോ ചാരിത്ര്യത്തെ ബാധിക്കുന്ന ഒരു പ്രവര്‍ത്തി നടന്നതായി അംഗീകരിക്കാന്‍ ഒരിക്കലും തയ്യാറാവാറില്ലെന്നും കോടതി നിരീക്ഷിച്ചു.

ബലാല്‍സംഗം നടന്നു എന്ന് ഒരു പെണ്‍കുട്ടിയോ അവരുടെ കുടുംബമോ പറയുന്നതുതന്നെ അസാമാന്യ ധീരതയാണ്. ആരോപണവിധേയനായ ആളെ മനപ്പൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കോടതിക്ക് ബോധ്യമുണ്ടെങ്കില്‍ ഇരയായ പെണ്‍കുട്ടിയുടെയോ സ്ത്രീയുടെയോ മൊഴിയുടെ ബലത്തില്‍ ശിക്ഷവിധിക്കാവുന്നതാണ്. അത്തരം കേസുകളില്‍ മറ്റുള്ളവരുടെ മൊഴികള്‍ പരിഗണിക്കേണ്ടതില്ല.

ഇത്തരം കേസില്‍ മൊഴിയെ സ്ഥിരീകരിക്കുന്ന മറ്റ് തെളിവുകളില്‍ കൂടുതല്‍ ഊന്നി മനുഷ്യാവകാശത്തെ ദുര്‍ബലപ്പെടുത്താനാവില്ലെന്നും കോടതി വിലയിരുത്തി. സ്ത്രീകളോടുള്ള കുറ്റകൃത്യങ്ങള്‍ ഗൗരവമായി പരിഗണിക്കണം.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. എല്ലാ രംഗത്തും സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെ ആത്മാഭിമാനത്തെ കുറിച്ച് നമുക്ക് വലിയ ആശങ്കയില്ല. ലൈംഗിക കുറ്റകൃത്യങ്ങളുടെ ഇരയായ സ്്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവമാണ് ഇത്. ഒരു ബലാല്‍സംഗി ഇരയുടെ സ്വകാര്യതയെ ലംഘിക്കുക മാത്രമല്ല, അവളുടെ ആത്മാഭിമാനത്തെയും അപകടത്തിലാക്കുന്നുണ്ട്. അതുവഴി അവര്‍ വലിയ മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകാന്‍ ഇടയാകും.

Tags:    

Similar News