കര്‍ഷക സമരത്തില്‍ മരിച്ച 27 പേരുടെ ആശ്രിതര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ നിയമന ഉത്തരവ് നല്‍കി

Update: 2022-01-05 03:58 GMT

ഛണ്ഡീഗഢ്: ഡല്‍ഹിയില്‍ നടന്നിരുന്നു കര്‍ഷക സമരത്തില്‍ മരിച്ച 27 കര്‍ഷകരുടെ ആശ്രിതര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ നിയമന ഉത്തരവ് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമത്തിനെതിരേയാണ് കഴിഞ്ഞ 2020 നവംബര്‍ മുതല്‍ ഡല്‍ഹിയില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തിനിടയില്‍ നിരവധി പേര്‍ മരിച്ചു. ഏകദേശം 700നടുത്ത് പേര്‍ മരിച്ചതായാണ് കണക്ക്. പഞ്ചാബിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്.

സമരത്തിനിടയില്‍ മരിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് വ്യാപകമായ ആവശ്യം രാജ്യത്താകമാനമുയര്‍ന്നെങ്കിലും അതില്‍ ആദ്യ നീക്കം നടത്തുന്നത് പഞ്ചാബ് സര്‍ക്കാരാണ്.

27 കുടുംബങ്ങള്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറിയതായി പഞ്ചാബ് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നി അറിയിച്ചു. കര്‍ഷകര്‍ പഞ്ചാബിന്റെ സമ്പദ്ഘനടയുടെ നട്ടെല്ലാണെന്നും സമരത്തിനിടയില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

407 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതിനകം 5 ലക്ഷം രൂപ വച്ച് വിതരണം ചെയ്തു. 169 കുടുംബങ്ങള്‍ക്ക് തൊഴിലും നല്‍കി. 

സര്‍ക്കാരിന്റെ കണക്കില്‍ കര്‍ഷക സമരത്തിനിടയില്‍ 407 പേരാണ് മരിച്ചത്. അവരുടെ അടുത്ത കുടുംബാംഗത്തിനാണ് തൊഴില്‍ നല്‍കുന്നത്.

ജില്ലാ തലത്തില്‍ റിപോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ പേരെ ഈ സംവിധാനത്തിനുള്ളില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചയാളുടെ മാതാവ്, പിതാവ്, വിവാഹം കഴിച്ചയച്ച സഹോദരന്‍, സഹോദരി, മരുമകള്‍, ചെറുമകന്‍, ചെറുമകള്‍ എന്നിവരിലൊരാള്‍ക്കാണ് തൊഴില്‍ ലഭിക്കുക.

 

Tags:    

Similar News