കൊല്ലം രൂപതയുടെ ഇടയലേഖനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം: തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ഇടയലേഖനത്തില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണ്. കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങള്‍ ഔദ്യോഗിക രേഖപോലെ വന്നിരിക്കുകയാണ്.

Update: 2021-03-21 14:03 GMT

കൊല്ലം: കൊല്ലം രൂപതയുടെ ഇടയലേഖനത്തെ വിമര്‍ശിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കൊല്ലം രൂപത ഇടയലേഖനം പുറത്തിറക്കിയതെന്ന് മന്ത്രി ആരോപിച്ചു. എന്താണ് ഇത്‌കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സഭ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മത്സ്യമേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനുമായി ശ്രമം നടക്കുന്നതായി ലത്തീന്‍ സഭ പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ ആരോപിച്ചിരുന്നു.


ഇടയലേഖനത്തില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണ്. കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങള്‍ ഔദ്യോഗിക രേഖപോലെ വന്നിരിക്കുകയാണ്. ഈ വിഷയത്തിലുള്ള ധാരണക്കുറവ് കാരണമോ രാഷ്ട്രീയമായ താല്‍പ്പര്യം കാരണമോ ആവാം ഇത്. യു.ഡി.എഫിന് വേണ്ടി സഭ എന്തിനിത് പറയണമെന്നും മന്ത്രി ചോദിച്ചു. മത്സ്യനയത്തെ അടിസ്ഥാന രഹിതമായി വ്യാഖ്യാനിക്കുകയാണ് സഭ. അടിസ്ഥാന രഹിതമായ ഇടയലേഖനം എഴുതിയത് ആര്‍ക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും ഇടയലേഖനം സഭ തിരിത്തുമെന്നാണ് പ്രതീക്ഷയെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.


'കൊല്ലം ജില്ലയിലെ ചരിത്രത്തില്‍ ഇന്നേവരെ ഒരു ബിഷപ്പുമാരും അന്ധമായ രാഷ്ട്രീയ ഇടപെടല്‍ നടത്തിയിട്ടില്ല. ഒരുപാട് വിശ്വാസികളും തന്നെ വിളിക്കുന്നുണ്ട്. ഫിഷറീസ് ആക്ടിനെ അടിസ്ഥാന രഹിതമായാണ് വ്യാഖ്യാനിക്കുന്നത്. ഗവണ്‍മെന്റ് ചെയ്യുന്ന തെറ്റായ കാര്യങ്ങളെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.' ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് നടിച്ച് അതിന്റെ പേരില്‍ പ്രചാരവേല നടത്തുന്നത് ധാര്‍മികമായി ശരിയാണോ എന്ന് അതിറക്കിവര്‍ തന്നെ പരിശോധിക്കണമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.




Tags: