ബെഹ്‌റയുടെ കേരളത്തിലെ തീവ്രവാദ പരാമര്‍ശം: സംഘ്പരിവാറിന് നിലമൊരുക്കാനെന്ന് പിഡിപി

Update: 2021-06-28 15:31 GMT

കോഴിക്കോട്: സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെ കേരളം തീവ്രവാദികളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന് ആരോപണമുന്നയിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പരാമര്‍ശം സംഘപരിവാറിനെ തൃപ്തിപ്പെടുത്തി തന്റെ ഭാവി ഭദ്രമാക്കാനും വര്‍ഗീയ വിദ്വേഷത്തിന്റെ സംഘപരിവാര അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിനുള്ള നിലമൊരുക്കല്‍ കൂടിയാണെന്നും പിഡിപി കേന്ദ്രകമ്മിറ്റി. പോലിസ് മേധാവി സ്ഥാനത്ത് വര്‍ഷങ്ങളോളം സര്‍വീസ് നടത്തിയ കാലയളവില്‍ പരാമര്‍ശിക്കപ്പെട്ട വിഷയത്തില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിയാത്ത ബെഹ്‌റ കാലങ്ങളായി സംഘ്പരിവാര്‍ ഉയര്‍ത്തുന്ന കുപ്രചാരണങ്ങള്‍ക്ക് വെള്ളവും വളവും ഒഴിച്ചുകൊടുക്കാന്‍ വേണ്ടി ശ്രമിച്ചതാണെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകും.

സംഘ്പരിവാര്‍ സഹയാത്രികരായ ഇത്തരക്കാരില്‍ നിന്ന് എന്താണ് പിന്നീടുണ്ടാകാന്‍ പോകുന്നത് എന്നതിന് ടി പി സെന്‍കുമാര്‍ ഉദാഹരണമാണ്. യാഥാര്‍ത്ഥ്യങ്ങളോട് തെല്ലും ബന്ധമില്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരുടെ സര്‍വീസ് കാലയളവില്‍ സ്വീകരിച്ചിട്ടുള്ള നടപടികളെ ഈ മനോഭാവം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടാകും എന്നത് രാഷ്ട്രീയ- ഭരണ നേതൃത്വങ്ങളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലുണ്ടായിട്ടുള്ള ഭീകരവാദ -രാജ്യദ്രോഹ ബന്ധമുള്ള കള്ളനോട്ട്, കള്ളപ്പണം, സ്വര്‍ണ്ണകടത്ത്, കുഴല്‍പ്പണം ഉള്‍പ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളുടെ വേരുകള്‍ തേടിയുള്ള അന്വേഷണം ആര്‍എസ്എസ്, സംഘ്പരിവാര്‍, ബിജെപി കേന്ദ്രങ്ങളിലേക്കെത്തുമ്പോള്‍ അത് അട്ടിമറിച്ചതിനുപിന്നില്‍ ഇത്തരം ഉന്നത ഉദ്യോഗസ്ഥരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഘ്പരിവാരത്തെ വേരോടെ പിഴുതെറിഞ്ഞ മലയാളിയുടെ രാഷ്ട്രീയ ബോധത്തേയും പുതിയ ഭരണ നേതൃത്വത്തേയും സംഘ്പരിവാര്‍ നിരന്തരം വേട്ടയാടുന്നതിനുള്ള അരങ്ങൊരുക്കമായിട്ടാണ് ബെഹ്‌റയുടെ പ്രസ്താവനയെ കാണുന്നതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News