ദേശീയ പ്രവാസി കമ്മീഷന്‍: പ്രധാനമന്ത്രിക്ക് പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു

ആഭ്യന്തര കുടിയേറ്റക്കാരെ പോലെ വിദേശത്തുള്ള പ്രവാസികളും നിരവധി പ്രശ്ങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ഒരു പ്രവാസി കമ്മീഷന്‍ സ്ഥാപിക്കണം എന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാമാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയത്.

Update: 2020-06-11 01:18 GMT

ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായി ദേശീയ പ്രവാസി കമ്മീഷന്‍ സ്ഥാപിക്കുവാനായി പ്രധാനമന്ത്രിക്ക് പ്രവാസി ലീഗല്‍ സെല്‍ നിവേദനം നല്‍കി. ഇന്ത്യയിലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കായി മൈഗ്രേഷന്‍ കമ്മീഷന്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മന്‍ കീ ബാത് ' എന്ന റേഡിയോ പ്രഭാഷണത്തില്‍ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര കുടിയേറ്റക്കാരെ പോലെ വിദേശത്തുള്ള പ്രവാസികളും നിരവധി പ്രശ്ങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ഒരു പ്രവാസി കമ്മീഷന്‍ സ്ഥാപിക്കണം എന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാമാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയത്.

ഇന്ത്യയില്‍ സംസ്ഥാന തലത്തില്‍ ആകെ മൂന്ന് സംസ്ഥാനങ്ങളില്‍ (കേരളം, പഞ്ചാബ്, ഗോവ എന്നിവ ) മാത്രമാണ് എന്‍ആര്‍ഐ കമ്മീഷന്‍ നിലവിലുള്ളത്. അവ വളരെ ഫലപ്രദമായി പല വിഷയങ്ങളിലും ഇടപെടുന്നതായും ,എന്നാല്‍ കേന്ദ്രത്തില്‍ ഒരു കമ്മീഷന്‍ ഉണ്ടാവുകയാണ് എങ്കില്‍ പ്രവാസികളുടെ നിരവധിയായ പ്രശ്‌നങ്ങളില്‍ വളരെ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശീയ തലത്തില്‍ ഒരു പ്രവാസി കമ്മീഷന്‍ സ്ഥാപിക്കപെട്ടാല്‍ പ്രവാസികള്‍ക്കുള്ള നിരവധി ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കും. അതുകൊണ്ട് ജൂഡീഷ്യല്‍ അധികാരത്തോടെയുള്ള ശക്തമായ ഒരു ദേശീയ കമ്മീഷന്‍ സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ അനുകൂലമായ നടപടികള്‍ വേഗത്തില്‍ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസും, ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Tags:    

Similar News