ഇന്‍ഷുറന്‍സ് മേഖലയില്‍ 74 ശതമാനം നേരിട്ടുളള വിദേശ നിക്ഷേപത്തിന് ലോക്‌സഭയും അനുമതി നല്‍കി

Update: 2021-03-22 14:18 GMT

ന്യൂഡല്‍ഹി: രാജ്യസഭയ്ക്കു പിന്നാലെ ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള ബില്ല് ലോക്‌സഭയും പാസ്സാക്കി. വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള ബില്ലിന് കഴിഞ്ഞ ആഴ്ചയാണ് രാജ്യസഭ ശബ്ദവോട്ടോടെ അനുമതി നല്‍കിയത്.

ഇതോടെ 49 ശതമാനം വിദേശനിക്ഷേപം അനവദിച്ചിരുന്നത് 74 ശതമാനമായി വര്‍ധിപ്പിച്ചു. വിദേശനിക്ഷേപം ഇന്‍ഷുറന്‍സ് മേഖലയുടെ വികാസത്തിന് കാരണമാവുമെന്നും പോളിസി ഉടമകളുടെ പണം പുറത്തുപോകില്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു. വിദേശനിക്ഷേപം മൂലധനം കൊണ്ടുവരിക മാത്രമല്ല, മല്‍സരക്ഷമത വര്‍ധിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ കൊണ്ടുവരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയെ നിയന്ത്രിക്കുന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഹരി പങ്കാളിത്തം 74 ശതമാനമായി വര്‍ധപ്പിക്കാന്‍ നേരത്തെ അനുമതി ല്‍കിയിരുന്നു.

ബില്ലനുസരിച്ച് പ്രധാന മാനേജ്‌മെന്റ് പദവികളില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യക്കാരായിരിക്കണം. ഡയറക്ടര്‍മാരില്‍ 50 ശതമാനവും സ്വതന്ത്ര ഡയറക്ടര്‍മാരായിരിക്കണം. ലാഭത്തിന്റെ നിശ്ചിത അളവ് റിസര്‍വായി സൂക്ഷിക്കുകയും ചെയ്യണം. 2015ലാണ് എഫ്ഡിഐ 26ല്‍ നിന്ന് 49 ആയി വര്‍ധിപ്പിച്ചത്. രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നിലവില്‍ ജിഡിപിയുടെ 3.6 ശതമാനമാണ്. ആഗോളതലത്തില്‍ ഇത് 7.13 ശതമാനമാണ്. ജനറല്‍ ഇന്‍ഷുറന്‍സില്‍ സ്ഥിതി വളരെ മോശമാണ്. അത് ഏകദേശം ജിഡിപിയുടെ 0.94 ശതമാനമാണ്. ആഗോള ശരാശരി 2.88 ശതമാനം.

Tags:    

Similar News