കാല്‍ നൂറ്റാണ്ട് കാത്തിരുന്ന് മുന്നണിയിലെടുത്തിട്ടും ഐഎന്‍എല്ലിന് സിപിഎം വക അവഗണനയുടെ അവസാന ബെഞ്ച്

Update: 2021-02-09 08:33 GMT

പിസി അബ്ദുല്ല

കോഴിക്കോട്: കാല്‍ നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇടതു മുന്നണിയില്‍ പ്രവേശനം ലഭിച്ച ഇന്ത്യന്‍ നാഷനല്‍ ലീഗ്, സിപിഎമ്മില്‍ നിന്ന് നേരിടുന്നത് ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന അവഗണന. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണി ഘടക കഷികള്‍ക്ക് സിപിഎം നിശ്ചയിച്ച പ്രാമുഖ്യ ക്രമത്തില്‍ ഐഎന്‍എല്ലിന് ഏറ്റവും അവസാനത്തെ പതിനൊന്നാം സ്ഥാനമാണ് അനുവദിച്ചത്.

എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ യാത്രയില്‍ ഘടകകക്ഷികള്‍ക്ക് മുന്നണിയിലുള്ള പ്രാമുഖ്യം അനുസരിച്ചാണ് പോസ്റ്ററുകളിലും വേദികളിലും പരിഗണനാക്രമം നിശ്ചയിച്ചത്. വികസന മുന്നേറ്റ ജാഥയുടെ പോസ്റ്ററുകളിലും സര്‍ക്കുലറുകളിലും പതിനൊന്നാം സ്ഥാനത്താണ് ഐഎന്‍എല്‍. ഐഎന്‍എല്ലിന് താഴെ വേറെ പാര്‍ട്ടികളില്ല.

അടുത്തിടെ മാത്രം ഇടതു മുന്നണിയിലെത്തിയ കേരളാ കോണ്‍ഗ്രസ്സി(മാണി)ന് മൂന്നാം സ്ഥാനം നല്‍കി ആദരിച്ചപ്പോഴാണ് 27 വര്‍ഷത്തോളമായി എല്‍ഡിഎഫുമായി നിരുപാധികം സഹകരിക്കുന്ന ഐഎന്‍എല്ലിനോടുള്ള ഇടതുമുന്നണി നേതൃത്വത്തിന്റെ അവഹേളനം. ജോസ് കെ മാണിയുടെ പാര്‍ട്ടിക്കു പുറമെ, ജനാധിപത്യ കേരള കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ്(ബി)ക്കുമൊക്കെ ഘടകകക്ഷി ക്രമത്തില്‍ അര്‍ഹമായ പരിഗണന അനുവദിച്ചപ്പോഴാണ് ഇടതു മുന്നണിയിലെ ഏക മുസ്‌ലിം കേന്ദ്രീകൃത പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലീഗിനെ അവസാന ബെഞ്ചിലൊതുക്കിയത്.

ഐഎന്‍എല്ലിനു ശെഷം ഇടതു മുന്നണിയിലെത്തിയ പാര്‍ട്ടികളെല്ലാം പരിഗണനാ ക്രമത്തില്‍ ഏറെ മുകളിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലുള്‍പ്പെടെ ഇതേ പരിഗണനയാണ് പാര്‍ട്ടികള്‍ക്ക് ലഭിക്കുക. ആ നിലയില്‍ ഐഎഎന്‍ എല്ലിന് വിജയസാധ്യതമുള്ള സീറ്റ് അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവഗണന ആവര്‍ത്തിക്കപ്പെടാന്‍ തന്നെയാണ് സാധ്യത.

കാല്‍ നൂറ്റാണ്ടിലധികം കാത്തിരുന്നിട്ടും ഇടതുമുന്നണി പ്രവേശനക്കാര്യത്തില്‍ എല്‍ഡിഎഫും സിപിഎമ്മും നാഷനല്‍ ലീഗിനോട് ഇരട്ടത്താപ്പാണ് പുലര്‍ത്തിയത്. നാഷണല്‍ ലീഗിന് അവകാശപ്പെട്ടമുന്‍ഗണന മറികടന്നാണ്കഴിഞ്ഞ കാലയളവില്‍ പുറത്തു നിന്നുള്ള പാര്‍ട്ടികളെ സിപിഎം പരിഗണിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഐഎന്‍എല്ലിനെ എല്‍ഡിഎഫില്‍ അംഗമാക്കുമെന്ന് സിപിഎം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസില്‍ നിന്നും ആര്‍എസ്പിയില്‍ നിന്നുമൊക്കെ വിട്ടു വന്നവര്‍ക്കും യുഡിഎഫ് വിട്ട ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിക്കും മുന്തിയ പരിഗണ നല്‍കിയ ഇടതു മുന്നണി ഐഎഎന്‍ എല്ലിന് 'ചാവേര്‍' സീറ്റുകള്‍ നല്‍കി പുറത്തുതന്നെ നിര്‍ത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമാനമായ അവഗണന തന്നെയാണ് എല്‍ഡിഎഫില്‍ നിന്ന് നാഷണല്‍ ലീഗ് നേരിട്ടത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് വിട്ട എല്‍ജെഡിയെ എല്‍ഡിഎഫിലെടുക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുമ്പോഴും ഐഎന്‍എല്ലിന്റെ മുന്നണി പ്രവേശനം ചര്‍ച്ചക്കു പോലും എടുത്തിരുന്നില്ല.

1994ല്‍ ഐഎന്‍എല്‍ രൂപം കൊണ്ടതു മുതല്‍ മുന്നണിയില്‍ അംഗത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫുമായി നിരുപാധികം സഹകരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്. എന്നാല്‍, രണ്ടു വര്‍ഷം മുന്‍പു മാത്രമാണ് മുന്നണി പ്രവേശനം അനുവദിച്ചത്.

ഐഎന്‍എല്‍ നിലവില്‍ വന്ന് പതിനൊന്നാം വര്‍ഷം സ്ഥാപകന്‍ സുലൈമാന്‍ സേട്ട് നിര്യാതനായി. അക്കാലയളവിനുള്ളില്‍ മുന്നണി മോഹം സഫലമാവാത്തത് സേട്ട് സാഹിബിനെ ഏറെ ദുഖിപ്പിക്കുകയും പാര്‍ട്ടിയെ ക്ഷീണിപ്പിക്കുകയും ചെയ്തു. ആയിടക്ക് സിപിഎമ്മിനോടുള്ള പാര്‍ട്ടിയുടെ അമര്‍ഷം അണപൊട്ടിയതിനെത്തുടര്‍ന്ന്1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ഐഎന്‍എല്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും ചെയ്തു.

2006ല്‍ ഇടതു പിന്തുണയോടെ പിഎംഎ സലാം എംഎല്‍എ ആയെങ്കിലും അക്കാലയളവില്‍ തന്നെ അദ്ദേഹം ലീഗിലേക്ക് തിരിച്ചുപോയി. അതിനു മുന്‍പും ശേഷവും എല്‍ഡിഎഫ് സുരക്ഷിത സീറ്റുകളൊന്നും ആ പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല.

കോഴിക്കോട് നോര്‍ത്തും അഴീക്കോടുമടക്കം നാലു സീറ്റുകളാണ് ഈ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ ആവശ്യപ്പെടുന്നത്.

Tags: