ഒരാഴ്ചയ്ക്കുള്ളില്‍ പിടിയിലായത് 700 'ഭീകര'രുടെ സഹായികളെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം

Update: 2021-10-10 15:36 GMT

ന്യൂഡല്‍ഹി: ഏഴ് സിവിലിയന്‍മാരെ കൊലപ്പെടുത്തിയ ശേഷം സംസ്ഥാനത്ത് 700 'ഭീകര'രുടെ സഹായികളെ പിടികൂടിയതായി ജമ്മു കശ്മീര്‍ അധികൃതര്‍. ആറ് ദിവസത്തിനുള്ളില്‍ പണ്ഡിറ്റ്, സിഖ്, മുസ് ലിം വിഭാഗത്തില്‍ നിന്നുള്ള ഏഴ് പേരെ കൊലപ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.

പോലിസ് കസ്റ്റഡിയിലെടുത്തത് ജമാഅത്ത് ഇസ് ലാമിയുടെ പ്രവര്‍ത്തകരാണെന്ന് പോലിസ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു. തെക്കന്‍ കശ്മീരില്‍ നിന്നുള്ളവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

കശ്മീരിലെ ആക്രമണങ്ങള്‍ ഇല്ലാതാക്കാനുള്ള ബ്രേക് ദി ചെയിന്‍ നടപടിയാണ് ഇതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

താലിബാന്‍ അധികാരത്തിലേറിയതിന്റെ ഭാഗമായാണ് ആക്രമണങ്ങള്‍ വര്‍ധിച്ചതെന്നും മൃദു ലക്ഷ്യങ്ങളെയാണ് 'ഭീകരര്‍' ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സ്വതവേ ഭീതി നിലനില്‍ക്കുന്ന കശ്മീര്‍ താഴ്‌വരയില്‍ 'ഭീകരര്‍' കൂടുതല്‍ ഭീതി വിതച്ചതായി പോലിസ് ആരോപിക്കുന്നു.

നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെടുന്നതെന്നും സര്‍ക്കാര്‍ തങ്ങളുടെ നയങ്ങള്‍ പുനപ്പരിശോധിക്കണമെന്നും കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. കശ്മീര്‍ സന്ദര്‍ശിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

രണ്ട് സ്‌കൂള്‍ ടീച്ചര്‍മാരെയാണ് കശ്മീരില്‍ ഏറ്റവും അവസാനം കൊലപ്പെടുത്തിയത്. മരിച്ചവരുടെ പേരുകളോടൊപ്പം അവരുടെ മതവും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അതനുസരിച്ച് മരിച്ചവരില്‍ ഒരാള്‍ സിഖുകാരനും അടുത്തയാള്‍ ഹിന്ദുവുമാണ്.

Tags:    

Similar News