തയ്യില്‍ ജ്യോതിഷ് വധക്കേസ്; പ്രതികളായ ഏഴ് സിപിഎം പ്രവര്‍ത്തകരേയും ഹൈക്കോടതി വെറുതെ വിട്ടു

Update: 2025-12-16 14:29 GMT

കൊച്ചി: കണ്ണൂര്‍ തയ്യില്‍ ജ്യോതിഷ് വധക്കേസില്‍ ഏഴ് പ്രതികളേയും വെറുതെവിട്ട് ഹൈക്കോടതി. കേസിലെ പ്രതികളായ ഏഴ് സിപിഎം പ്രവര്‍ത്തകരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ബാബിനേഷ്, ടി എന്‍ നിഖില്‍, ടി റിജുല്‍ രാജ്, സി ഷഹാന്‍ രാജ്, വി കെ വിനീഷ്, വിമല്‍ രാജ് കെ പി, ടോണി എം എന്നിവരേയാണ് ഹൈക്കോടതി വെറുതെ വിട്ടത്. കേസില്‍ പ്രതികളെ ബന്ധിപ്പിക്കാന്‍ വിശ്വസനീയമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.

2009 സെപ്റ്റംബര്‍ 28ന് രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കണ്ണൂര്‍ നഗരത്തിലെ സവിത തീയറ്ററില്‍ നിന്ന് സെക്കന്‍ഡ് ഷോ കഴിഞ്ഞിറങ്ങിയ ജ്യോതിഷിനെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനു പിന്നാലെ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തി 2019ല്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഏഴുപേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

പരിക്കേറ്റ ശരത്തും സ്ഥലത്തുണ്ടായിരുന്ന മിഥുന്‍, സുമിത് എന്നിവരുമായിരുന്നു പ്രധാന ദൃക്‌സാക്ഷികള്‍. എന്നാല്‍, പോലിസ് തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്നും ഒന്‍പതുവര്‍ഷത്തിനു ശേഷം വിചാരണ കോടതിയില്‍വച്ചാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ചോദ്യംചെയ്യാത്തതും വീഴ്ചയാണ്. അന്വേഷണത്തിലെ പിഴവുകളും സാക്ഷിമൊഴികളിലെ പൊരുത്തക്കേടുകളുമടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തലശ്ശേരി സെഷന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇവര്‍ക്കുപുറമെ പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവരെ വിചാരണ കോടതി തെളിവില്ലെന്നുകണ്ട് വെറുതെവിട്ടിരുന്നു.

Tags: