തെലങ്കാന രാഷ്ട്രസമിതിയും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍: രാഹുല്‍ ഗാന്ധി

Update: 2022-10-28 07:17 GMT

നാരായണ്‍പേട്ട: എംഎല്‍എമാരെ പണം കൊടുത്തുവാങ്ങാന്‍ ശ്രമിച്ചെന്ന വിവാദം കൊടുമ്പിരികൊള്ളുന്നതിനിടെ തെലങ്കാന രാഷ്ട്രസമിതിക്കും ബിജെപിക്കുമെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇരു പാര്‍ട്ടികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണെന്നും പണത്തിന്റെ രാഷ്ട്രീയമാണ് ഇരുപാര്‍ട്ടികളുടേതെന്നും അദ്ദേഹം ആരോപിച്ചു.

ടിആര്‍എസും ബിജെപിയും കുതിരക്കച്ചവടം നടത്തി സര്‍ക്കാരുകളെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങളെ സംബന്ധിച്ചിടത്തോളം ബിജെപിയും ടിആര്‍എസും ഒരുപോലെയാണെന്ന് ഞാന്‍ ഇവിടെ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ ഇത് മനസ്സിലാക്കണം. അവര്‍ പരസ്പരം സഹായിക്കുന്നു. ഡല്‍ഹിയില്‍ ടിആര്‍എസ്, ബിജെപിയെ സഹായിക്കുന്നു. ബിജെപി തെലങ്കാനയില്‍ ടിആര്‍എസിനെ സഹായിക്കുന്നു. രണ്ട് പാര്‍ട്ടികളും ജനാധിപത്യത്തിന് എതിരാണ്, പണത്തിന്റെ രാഷ്ട്രീയത്തിലാണ് ശ്രദ്ധ മുഴുവന്‍. എംഎല്‍എമാരെ വാങ്ങി രണ്ട് പാര്‍ട്ടികളും സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു' - രാഹുല്‍ പറഞ്ഞു.

ടിആര്‍എസ് എംഎല്‍മാരെ പണം കൊടുത്തുവാങ്ങാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തെലങ്കാന പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News