പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഷില്ലോങില്‍ കനത്ത പ്രതിഷേധം: പ്രക്ഷോഭകരും പോലിസും ഏറ്റുമുട്ടി

തെരുവിലിറങ്ങിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ച പോലിസിനെതിരേ കനത്ത കല്ലേറും നടന്നു.

Update: 2019-12-13 12:11 GMT

ഷില്ലോങ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മേഘാലയയില്‍ പ്രതിഷേധം ശക്തമായി. തലസ്ഥാനമായ ഷില്ലോങില്‍ പ്രതിഷേധക്കാരും പോലിസും പരസ്പരം ഏറ്റുമുട്ടി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. രാജ്ഭവന് അടുത്തുവച്ചാണ് പ്രതിഷേധക്കാരും പോലിസും പരസ്പരം ഏറ്റുമുട്ടിയത്. തെരുവിലിറങ്ങിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ച പോലിസിനെതിരേ കനത്ത കല്ലേറും നടന്നു.

പുറത്തുവന്ന ചില സെല്‍ഫോണ്‍ ദൃശ്യങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് പരിക്കേറ്റ നിരവധി പേരെ തൊട്ടടുത്ത സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

കര്‍ഫ്യൂയില്‍ 12 മണിക്കൂര്‍ നേരത്തേക്ക് ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രക്ഷോഭം പുനരാരംഭിച്ചത്. വ്യാഴാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

പ്രതിഷേധം വ്യാപിച്ചതിനെ തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗത സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല.

ചിലയിടങ്ങളില്‍ ടോര്‍ച്ച് ലൈറ്റ് റാലികള്‍ നടക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.

ഷില്ലോങില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ വില്യംനഗര്‍ ടൗണില്‍ മുഖ്യമന്ത്രി കൊനാര്‍ഡ് സാങ്മയുടെ വാഹനവ്യൂഹത്തെ പ്രക്ഷോഭകര്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളും പങ്കെടുത്ത റാലിയില്‍ കൊനാര്‍ഡ് തിരിച്ചുപോവുക എന്ന മുദ്രാവാക്യം മുഴങ്ങിയിരുന്നെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജനങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മേഘാലയ പോലിസ് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.




Tags: