ജോധ്പൂർ (രാജസ്ഥാൻ): സ്ത്രീധനപീഡനം സഹിക്കാനാകാതെ സ്കൂൾ അധ്യാപിക മൂന്നു വയസ്സുകാരിയായ മകളെ മടിയിലിരുത്തി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ മകൾ ശസ്വി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമ്മ സഞ്ജു ബിഷ്‌ണോയി (32)ക്ക് ശനിയാഴ്ച ചികിത്സയ്ക്കിടെ ജീവന്‍ നഷ്ടമായി.
പോലിസ് വിവരമനുസരിച്ച്, വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽനിന്ന് വീട്ടിലെത്തിയ ബിഷ്‌ണോയി സർനാദ ഗ്രാമത്തിലെ വീട്ടിനുള്ളിൽ മകളുമായി ജീവന്‍ ഒടുക്കുകയായിരുന്നു. സംഭവസമയത്ത് ഭർത്താവോ ബന്ധുക്കളോ വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ പോലിസിനെയും കുടുംബാംഗങ്ങളെയും വിവരം അറിയിച്ചു, എന്നാൽ ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബിഷ്‌ണോയിയുടെ മാതാപിതാക്കൾ പോലിസിനോട് നൽകിയ പരാതിയിൽ, ഭർത്താവും മാതാപിതാക്കളും സഹോദരിയും അടക്കമുള്ളവർ നിരന്തരം സ്ത്രീധനവുമായി ബന്ധപ്പെട്ട് പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. 12 വർഷം മുമ്പ് വിവാഹസമയത്ത് ഒരു കാറും മറ്റു സ്വത്തുക്കളും നൽകിയിരുന്നുവെങ്കിലും മകൾ ജനിച്ചശേഷം പീഡനം വർധിച്ചതായും അവർ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനും ബന്ധുക്കൾക്കും എതിരെ ആത്മഹത്യാപ്രേരണ കേസിൽ പോലിസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്‌എസ്‌എൽ) സംഘത്തിന്റെ സഹായത്തോടെ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും ചെയ്തു. കുറിപ്പിൽ ഭർത്താവിനേയും ബന്ധുക്കളേയും കൂടാതെ ഭർത്താവിന്റെ സുഹൃത്ത്നെയും പരാമർശിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. വിഷയം അന്വേഷിച്ച് വരികയാണെന്നും പ്രതികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.
