വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നു
ഗായത്രി മെട്രിക്കുലേഷന്‍ സ്കൂളിലെ അധ്യാപികയായ എസ് രമ്യ(23) ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
ചെന്നൈ: തമിഴ്നാട്ടില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നു. ചെന്നൈയില്‍ നിന്ന് 200 കിമീ അകലെ കടലൂര്‍ ജില്ലയിലെ കുറുഞ്ഞിപ്പാടിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഗായത്രി മെട്രിക്കുലേഷന്‍ സ്കൂളിലെ അധ്യാപികയായ എസ് രമ്യ(23) ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ക്ലാസ് മുറിയില്‍ ഒറ്റയ്ക്കിരുന്ന രമ്യയെ രാജശേഖര്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്നു പോലിസ് പറഞ്ഞു.
സ്കൂളിനു സമീപത്താണ് രമ്യയുടെ വീട്. മിക്ക ദിവസങ്ങളിലും അവര്‍ നേരത്തേ സ്കൂളിലെത്തും. ക്ലാസ് മുറിയിലിരുന്ന രമ്യയോട് രാജശേഖര്‍ വീണ്ടും വിവാഹാഭ്യര്‍ഥന നടത്തിയിരിക്കാമെന്നും ഇതു നിരസിച്ചതിനെ തുടര്‍ന്ന് രാജശേഖര്‍ അവരെ ആക്രമിച്ചതാകാമെന്നുമാണ് പോലിസ് കരുതുന്നത്. കോളജ് പഠനകാലം മുതല്‍ രാജശേഖറിനു രമ്യയെ അറിയാം.
രമ്യയുടെ കഴുത്തിനാണ് വെട്ടേറ്റത്. വെട്ടേറ്റുകിടന്ന രമ്യയെ സ്കൂളിലെ ശുചീകരണ ജീവനക്കാരിയാണ് ആദ്യം കാണുന്നത്. പക്ഷെ രമ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
രമ്യയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആറു മാസം മുമ്പ് രാജശേഖര്‍ രമ്യയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതു നിരസിച്ചു. ഇതാവാം കൊലയ്ക്കു കാരണമായതെന്നാണു പൊലീസിന്റെ നിഗമനം. കൃത്യത്തിനു ശേഷം താന്‍ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖര്‍ സഹോദരിക്കു സന്ദേശം അയച്ചതായും പൊലിസ് കണ്ടെത്തി ഒളിവില്‍പോയ രാജശേഖര്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.