'ബാബരി മസ്ജിദ് പുനര്‍നിർമിക്കുമെന്ന സോഷ്യൽ മിഡിയ പോസ്റ്റ്'; യുവാവിനെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പുനര്‍നിർമിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്ന കേസ് റദ്ദാക്കണമെന്ന യുവാവിൻ്റെ ഹരജി സുപ്രിംകോടതി തള്ളി. ആഗസ്റ്റ് ആറിനാണ് മുഹമ്മദ് ഫയാസ് മന്‍സൂരിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ' ബാബരി മസ്ജിദ് ഒരു ദിവസം പുനര്‍നിര്‍മ്മിക്കപ്പെടും' എന്നായിരുന്നു സോഷ്യല്‍മീഡിയയിലെ പോസ്റ്റ്. തുടർന്ന് വിവിധ വകുപ്പുകൾ പ്രകാരം പോലിസ് കേസെടുത്തു.
പിന്നീട്, 1980 ലെ ദേശീയ സുരക്ഷാ നിയമപ്രകാരം ലഖിംപൂര്‍ ഖേരി ഡിഎം കരുതൽ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2021 സെപ്റ്റംബറില്‍ അലഹബാദ് ഹൈക്കോടതി കരുതൽ തടങ്കല്‍ ഉത്തരവ് റദ്ദാക്കി.
പക്ഷെ കേസിൽ പോലിസ് കുറ്റപത്രം നൽകി. കേസ് റദ്ദാക്കാൻ മൻസൂരി ഹൈക്കോടതിയെ സമീപിച്ചു. തന്റെ പോസ്റ്റില്‍ ഒരു കുറ്റകൃത്യവുമില്ലെന്നും ശത്രുത വളര്‍ത്താനുള്ള ഉദ്ദേശ്യവുമില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ഹൈക്കോടതി ഹരജി തള്ളി. തുടർന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.