ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും

Update: 2022-09-20 01:55 GMT

തിരുവനന്തപുരം: എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാവും കേസുകള്‍ പരിഗണിക്കുക. എന്നാല്‍, ഭരണഘടനാ ബെഞ്ചിലെ വാദം പൂര്‍ത്തിയായ ശേഷം മാത്രമേ ലാവ്‌ലിന്‍ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പലതവണ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

ഭരണഘടനാ ബെഞ്ചിന്റെ സിറ്റിങ് കാരണം കഴിഞ്ഞ 13ന് കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് പ്രതിപക്ഷമടക്കം ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും സുപ്രിംകോടതിയിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെയാണ് ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്. പിണറായിക്കെതിരേ കൃത്യമായ തെളിവുണ്ടെന്നും അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നുമാണ് കേസില്‍ സിബിഐയുടെ വാദം. 2017ലാണ് ലാവ്‌ലിന്‍ കേസ് സുപ്രിംകോടതിയിലെത്തുന്നത്. ഈ കാലഘട്ടത്തിനിടെ ഏകദേശം 30ലേറെ തവണ കേസ് മാറ്റിവച്ചിരുന്നു.

Tags:    

Similar News