നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി; വനാവകാശ ഭൂമി കൈമാറ്റത്തില്‍ അനാസ്ഥ ആരോപണം

Update: 2025-11-10 11:22 GMT

മലപ്പുറം: നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ വനാവകാശ ഭൂമി കൈമാറ്റത്തിലെ അനാസ്ഥയ്ക്കെതിരേ ആത്മഹത്യാ ഭീഷണി. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജും വിനീതും ഓഫീസിന് സമീപത്തെ മരത്തില്‍ കയറിയാണ് പ്രതിഷേധം ആരംഭിച്ചത്.

വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമി കൈമാറുന്നതില്‍ ഡിഎഫ്ഒ ഒപ്പിടാന്‍ തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് ഇരുവരും ആത്മഹത്യാ ഭീഷണി മുഴക്കിയത്. പുലിമുണ്ട, മുണ്ടക്കടവ് പ്രദേശങ്ങളിലെ 53 കുടുംബങ്ങള്‍ക്കാണ് നിയമപ്രകാരം ഭൂമി അനുവദിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവെച്ചതായി പ്രദേശവാസികള്‍ ആരോപിക്കുന്നു.

കോടതിയുടെയും ജില്ലാ കളക്ടറുടെയും അനുമതിയോടെയാണ് ഭൂമി പത്രികകള്‍ തയ്യാറാക്കിയതെന്ന് ജനപ്രതിനിധികള്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പലതവണ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും ബാക്കി കുടുംബങ്ങളുടെ രേഖകളില്‍ ഒപ്പുവെക്കാന്‍ ഡിഎഫ്ഒ തയ്യാറായില്ലെന്നാണ് ആരോപണം.

ഡിഎഫ്ഒയുമായി ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നതിനാലാണ് ബാബുരാജും വിനീതും മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവസ്ഥലത്ത് പോലിസും വനം വകുപ്പും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി.

Tags: