വിദ്യാര്‍ഥികളെ സ്റ്റഡി ടൂറിന് കൊണ്ടുപോയത് ടിപ്പറിലും പിക്കപ്പ് ട്രക്കിലും; പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

Update: 2026-02-13 09:08 GMT

ബെംഗളൂരു: കര്‍ണാടകയില്‍ വിദ്യാര്‍ഥികളെ സ്റ്റഡി ടൂറിനായി ടിപ്പറിലും പിക്കപ്പ് ട്രക്കിലും കൊണ്ടുപോയതിനെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിനെയും പ്രധാന അധ്യാപകനെതിരേയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഫെബ്രുവരി 9നായിരുന്നു സംഭവം. നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഓപ്പണ്‍ ടിപ്പറിലാണ് ബലാന്‍ജെയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളെ നാല്‍ക്കുറിലെ ഒരു തേന്‍കൃഷി കേന്ദ്രം സന്ദര്‍ശിക്കാന്‍ കൊണ്ടുപോയത്. സ്‌കൂള്‍ പ്രധാന അധ്യാപകനായ കിരണ്‍ തന്നെയാണ് വിദ്യാര്‍ഥികളെ ഇത്തരത്തില്‍ കൊണ്ടുപോയതെന്ന് അധികൃതര്‍ അറിയിച്ചു.

യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കുട്ടികളെ തുറന്ന ടിപ്പറില്‍ യാത്ര ചെയ്യിപ്പിച്ചതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിഷയം പൊതുജനശ്രദ്ധ നേടിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസറോട് നിര്‍ദേശിച്ചു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. വിശദമായ അന്വേഷണ റിപോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

Tags: