എന്‍ജിനിയറിങ് കോളജില്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു; ജൂനിയര്‍ വിദ്യാര്‍ഥി അറസ്റ്റില്‍
ബെംഗളൂരു: തെക്കന്‍ ബെംഗളൂരുവിലെ എന്‍ജിനിയറിങ് കോളജില്‍ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു. ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എന്‍ജിനിയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥി ജീവന്‍ ഗൗഡ (21) യെയാണ് ഹനുമന്തനഗര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
രാവിലെ കോളജിലെത്തിയ വിദ്യാര്‍ഥിനിയോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പ്രതി സമീപിക്കുകയായിരുന്നു. ഉച്ചയ്ക്ക് ആര്‍ക്കിടെക്ചര്‍ ബ്ലോക്കിലെ ഏഴാം നിലയിലേക്ക് വരാന്‍ ഇയാള്‍ ഫോണില്‍ വിളിക്കുകയും അവിടെയെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ചുംബിക്കാനും ശ്രമിച്ചു. ഭയന്ന പെണ്‍കുട്ടി ലിഫ്റ്റില്‍ കയറി ആറാം നിലയിലേക്ക് പോയതോടെ ഇയാള്‍ പിന്തുടര്‍ന്ന് ആണ്‍കുട്ടികളുടെ വാഷ്‌റൂമില്‍ വലിച്ചുകയറ്റി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി.
അതിക്രമത്തിനിടെ പെണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചെടുത്തതായും പിന്നീട് ഗര്‍ഭനിരോധന ഗുളിക വേണോയെന്ന് ചോദിച്ച് വിളിച്ചതായും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിനുശേഷം സുഹൃത്തുക്കള്‍ക്കാണ് പെണ്‍കുട്ടി വിവരം അറിയിച്ചത്. മാതാപിതാക്കള്‍ വിഷമിക്കുമെന്ന ഭയത്താലാണ് പരാതി വൈകിയതെന്നും മൊഴിയില്‍ പെണ്‍കുട്ടി വ്യക്തമാക്കി. ബിഎന്‍എസ് സെക്ഷന്‍ 64 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.