പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ബംഗാള്‍ സര്‍ക്കാരിനോട് ഹൈക്കോടതി

പൗരത്വ ഭേദഗതിക്കെതിരേ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പൗരത്വ നിയമവും പൗരത്വ പട്ടികയും തന്റെ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയായിരുന്നു.

Update: 2019-12-23 10:15 GMT

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരേയും പൗരത്വ പട്ടികക്കെതിരേയുമുള്ള എല്ലാ പത്ര-ദൃശ്യ മാധ്യമ പരസ്യങ്ങളും ഉടന്‍ പിന്‍വലിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്.

ചീഫ് ജസ്റ്റിസ് ടിബിഎന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കെതിരേ നിരവധി ഹരജികളാണ് ഹൈക്കോടതിയുടെ മുന്നില്‍ വന്നത്.

പൗരത്വ ഭേദഗതിക്കെതിരേ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പൗരത്വ നിയമവും പൗരത്വ പട്ടികയും തന്റെ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയായിരുന്നു. അക്കാര്യം വിശദമാക്കുന്ന നിരവധി പരസ്യങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു.

ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ കിഷോര്‍ ദത്ത അത്തരം എല്ലാ പരസ്യങ്ങളും പിന്‍വലിച്ചെന്ന് ഹൈക്കോടതിയെ അറിയിച്ചെങ്കിലും എതിര്‍കക്ഷികള്‍ ഖണ്ഡിച്ചു. പശ്ചിമ ബംഗാള്‍ പോലിസിന്റെ വെബ്‌സൈറ്റില്‍ പരസ്യം ഇപ്പോഴുമുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

കേസ് അടുത്ത 9 ന് വീണ്ടും പരിഗണിക്കും. 

Tags:    

Similar News