ഉദ്യോഗാര്‍ഥി സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്; ഷാഫി പറമ്പിലും കെ എസ് ശബരീനാഥും നിരാഹാരം തുടങ്ങി

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും കെ എസ് ശബരീനാഥും സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ നിരാഹാരം ആരംഭിച്ചു

Update: 2021-02-14 11:13 GMT

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയും വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥ് എംഎല്‍എയും സെക്രട്ടേറിയറ്റിന് മുന്‍പില്‍ നിരാഹാരം ആരംഭിച്ചു. നിരാഹാരസമരം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നാളെ നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്‍തുണയില്ലാതെയാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നതെന്നും സമരത്തിലുള്ളവരില്‍ കൂടുതലും ഇടതു യുവജന-വിദ്യാര്‍ഥി സംഘടനകളുമായി ബന്ധമുള്ളവരാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ചെറുപ്പക്കാര്‍ നടത്തുന്ന ഏറ്റവും ന്യായമായ ഈ സമരത്തെ പരിഹസിക്കാനാണ് സര്‍്ക്കാര്‍ ശ്രമിക്കുന്നതെന്നും നിരാഹാരത്തിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിനായി കെട്ടിയ പ്രത്യേക പന്തലിലാണ് നേതാക്കള്‍ നിരാഹാരം നടത്തുന്നത്.

Tags: