സംസ്ഥാനത്ത് പോക്‌സോ കേസുകളില്‍ ആശങ്കാജനകമായ വര്‍ധന; അഞ്ചുവര്‍ഷത്തിനിടെ ഉയര്‍ന്നത് 27.38 ശതമാനം
കോഴിക്കോട്: കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗുരുതര ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. പോലിസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പോക്‌സോ കേസുകളില്‍ 27.38 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ല്‍ 3,516 കേസുകളായിരുന്നുവെങ്കില്‍ 2025ല്‍ ഇത് 4,753 ആയി ഉയര്‍ന്നു. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട നിയമബോധം സമൂഹത്തില്‍ വര്‍ധിച്ചതും, വിദ്യാലയങ്ങളിലെയും മറ്റു സ്ഥാപനങ്ങളിലെയും കൗണ്‍സലിങ് സംവിധാനങ്ങളിലൂടെ കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ തുറന്നുപറയാന്‍ തയ്യാറാകുന്നതുമാണ് കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്യാന്‍ കാരണമാകുന്നതെന്ന് പോലിസ് വിലയിരുത്തുന്നു.
കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനായി 2012ലാണ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് നിയമം നിലവില്‍ വന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, പീഡനം, അശ്ലീലചിത്രീകരണം തുടങ്ങിയവ ഗുരുതര കുറ്റങ്ങളായി നിയമം വ്യവസ്ഥപ്പെടുത്തുന്നു. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി അറിഞ്ഞാല്‍ പോലിസിലോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലോ ഉടന്‍ റിപോര്‍ട്ട് ചെയ്യേണ്ടതുണ്ടെന്നും, ഇത്തരം സംഭവങ്ങള്‍ മറച്ചുവെക്കുന്നതും നിയമപ്രകാരം കുറ്റമാണെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
2025ല്‍ ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 688 കേസുകളാണെന്നാണ് റിപോര്‍ട്ട്. 502 കേസുകളുമായി കൊല്ലം രണ്ടാം സ്ഥാനത്തും, മലപ്പുറം (464), കോഴിക്കോട് (463) ജില്ലകള്‍ തൊട്ടുപിന്നിലുമാണ്. ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ്-183. റെയില്‍വേ പോലിസ് അഞ്ചു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
