'നിരപരാധികൾ മരിച്ചു വീഴുമ്പോൾ നിശബ്ദത അഭികാമ്യമല്ല': ഗസയിലെ ഇസ്രായേൽ വംശഹത്യയിൽ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് എം കെ സ്റ്റാലിൻ
ചെന്നൈ: ഗസയില്‍ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇസ്രായേലിൻ്റെ നടപടികൾക്കെതിരേ ഇന്ത്യ ശക്തമായി സംസാരിക്കണംമെന്നും, അതിനായി നാം എല്ലാവരും ഇപ്പോൾ തന്നെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിൻ്റെ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ് നിലംപരിശായ ഗസയിലെ ചിത്രങ്ങൾ വേദനിപ്പിക്കുന്നതാണെന്നും സഹിക്കാനാവാത്ത വിധം വലിയതാണെന്നും അദ്ദേഹം പറഞ്ഞു. ഉറ്റവരെയും ഉടയവരയും നഷ്ടപ്പട്ട കുഞ്ഞുങ്ങളുടെ നിലവിളികൾ , പട്ടിണി മരണം തുടങ്ങി ഗസയിൽ നിന്നു വരുന്ന ദൃശ്യങ്ങളോരോന്നും മനുഷ്യ മനസിനെ ഞെട്ടിപ്പിക്കുന്നതാണ്.
യുദ്ധത്തിൽ തകർന്നടിഞ്ഞ ഗസ്സയിൽ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഹൃദയവേദന ഉണ്ടാക്കുന്നു. നിരപരാധികളുടെ ജീവിതങ്ങൾ ഈ രീതിയിൽ തകർക്കപ്പെടുമ്പോൾ, നിശബ്ദത അഭികാമ്യമല്ല. എല്ലാവരുടെയും മനസ്സാക്ഷി ഉണരണം. ഇന്ത്യ ഉറച്ചു നിലപാട് സ്വീകരിക്കണം, ലോകം ഒന്നിക്കണം, ഈ ഭീകരത ഉടൻ അവസാനിപ്പിക്കാൻ നാമെല്ലാവരും പ്രവർത്തിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.