വിഡി സതീശന്റെ വിമര്‍ശനം: കക്ഷി രാഷ്ട്രീയം പറയില്ല; പൊതു സാമൂഹ്യ രാഷ്ട്രീയ നിലപാടാണ് പറയുകയെന്നും സ്പീക്കര്‍ എംബി രാജേഷ്

10കൊല്ലം പാര്‍ലമെന്റില്‍ പ്രതിപക്ഷത്തായിരുന്നാല്‍ അവരുടെ വികാരം അറിയാം. അത് മനസ്സില്‍ സൂക്ഷിച്ചാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു

Update: 2021-05-25 06:24 GMT


തിരുവനന്തപുരം: സ്പീക്കര്‍ രാഷ്ട്രീയം പറയുമെന്നത് വേദനിപ്പിച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് സ്പീക്കര്‍ എംബി രാജേഷ് വ്യക്ത വരുത്തി. കക്ഷി രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിക്കുമെന്നല്ല, പൊതുവായ സാമൂഹ്യ രാഷ്ട്രീയ നിലപാടാണ് ഉദ്ദേശിച്ചെതെന്നും സ്പീക്കര്‍ സഭയിലെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

'സ്പീക്കര്‍ രാഷ്ട്രീയം പറയും എന്ന മാധ്യമങ്ങളില്‍ വന്ന പ്രസ്താവന പ്രതിപക്ഷത്തിനും മറ്റുള്ളവര്‍ക്കും ആശങ്കയുണ്ടാക്കി. കക്ഷി രാഷ്ട്രീയം പറയുമെന്നല്ല, അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയുമില്ല. പൊതുവായ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ നിലപാട് പറയും എന്നാണ് പറഞ്ഞത്. സഭയുടെ അന്തസ്സും ഈ ഉത്തരവാദിത്തം നിര്‍ഹിക്കുമ്പോഴുള്ള ഔചിത്യവും പാലിച്ചാവും അത്തരം അഭിപ്രായപ്രകടനം നടത്തുക. ഭരണ-പ്രതിപക്ഷ കക്ഷികളുടെ താല്‍പര്യം സംരക്ഷിക്കുന്ന നിലയിലാവും സഭയിലെ പ്രവര്‍ത്തനം' -സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.

സഭാംഗങ്ങള്‍ക്ക് നന്ദി സൂചിപ്പിച്ചുള്ള പ്രസംഗത്തിലാണ് സ്പീക്കര്‍, പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ വിമര്‍ശനത്തിന് വ്യക്തത വരുത്തിയത്.

വിഖ്യാത ദാര്‍ശനികന്‍, ബര്‍ട്രന്‍ഡ് റസ്സലിന്റെ 'അപരന്റെ കരുതലാണ്' ജനാധിപത്യമെന്ന ആശയം ഉയര്‍ത്തിയാണ് സ്പീക്കര്‍ മറുപടി പ്രസംഗം ആരംഭിച്ചത്.

പൗരത്വ പ്രക്ഷോഭം, കര്‍ഷക സമരം എന്നിവക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി രാജ്യത്തിന് തന്നെ മാതൃകയായ സഭയാണ് നമ്മുടേത്. അംഗങ്ങള്‍ ചട്ടങ്ങളില്‍ ഉൗന്നി നിന്ന് വാദമുയര്‍ത്തിയാല്‍ അതിനൊപ്പം നില്‍ക്കാനെ സ്പീക്കര്‍ക്ക് കഴിയൂ. 10 കൊല്ലം പാര്‍ലമെന്റില്‍ പ്രതിപക്ഷത്തായിരുന്നാല്‍ പ്രതിപക്ഷത്തിന്റെ വികാരം അറിയാം. അത് മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Tags:    

Similar News