കൊവിഡ് 19: നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് അടിയന്തിര സഹായം നല്‍കണം; പ്രധാനമന്ത്രിക്ക് സോണിയാഗാന്ധിയുടെ കത്ത്

Update: 2020-03-24 11:47 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് അടിയന്തിര ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കൊവിഡ് ബാധയും സാമൂഹിക നിയന്ത്രണവും മൂലം ഏറ്റവും കൂടുതല്‍ ദുരിതത്തിലായ നിര്‍മ്മാണത്തൊഴിലാളികളുടെ ക്ഷേമത്തിനുതകുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്കെഴുതിയ കത്തിലൂടെയാണ് സോണിയാഗാന്ധി ആവശ്യപ്പെട്ടത്.

''ദുരിതത്തില്‍ കഴിയുന്ന നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ധനസഹായമടക്കമുള്ള അടിയന്ത്രിരക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സ്റ്റേറ്റ് ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കണം''- സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

''ആഗോളമായ പകര്‍ച്ചവ്യാധി ഭീഷണിയുടെ നടവിലാണ് നമ്മുടെ രാജ്യം. കൊവിഡ് 19 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണമാകും. അനൗപചാരിക മേഖലയിലായിരിക്കും ഇതിന്റെ ദുഷ്ഫലങ്ങള്‍ കൂടുതല്‍ അനുഭവപ്പെടുക''-കത്തില്‍ തുടരുന്നു.

കാനഡ പോലുള്ള പല ലോകരാഷ്ട്രങ്ങളും വേതന സബ്‌സിഡി അടക്കമുള്ള നടപടികള്‍ കൈകൊണ്ടിട്ടുണ്ട്. അത്തരം നടപടികള്‍ ഇന്ത്യയിലൂം ആവിഷ്‌കരിക്കാവുന്നതാണെന്ന് അവര്‍ നിര്‍ദേശിച്ചു.

കൊവിഡ് 19മായി ബന്ധപ്പെട്ട നിയന്ത്രണം ആരംഭിച്ച സമയത്തുതന്നെ രാജ്യത്തെ വലിയൊരു ഭാഗം നിര്‍മ്മാണത്തൊഴിലാളികള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് പോയിട്ടുണ്ട്. ഇന്ത്യയിലെ 4.4കോടി നിര്‍മ്മാണത്തൊഴിലാളികളും ഇത്തരം തിരിച്ചുപോക്ക് നടത്തിക്കഴിഞ്ഞുവെന്ന കാര്യവും സോണിയ കത്തില്‍ സൂചിപ്പിച്ചു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസിഎംആര്‍)നല്‍കുന്ന കണക്കനുസരിച്ച് രാജ്യത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 482 ആയി. 9 പേര്‍ മരണത്തിനു കീഴടങ്ങി. 

Tags:    

Similar News