സോളാര്‍ പീഡനകേസ് സിബിഐയ്ക്ക് വിട്ടത് സ്വാഭാവിക നടപടി: എ വിജയരാഘവന്‍

രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ള നീക്കം എന്ന നിലയില്‍ ഇതിനെ കാണേണ്ടതില്ലെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Update: 2021-01-24 14:33 GMT

തിരുവനന്തപുരം: സോളാര്‍ പീഡന കേസ് പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് സിബിഐയ്ക്ക് വിട്ടതെന്നും സ്വാഭാവിക നടപടി മാത്രമാണിതെന്നും എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ള നീക്കം എന്ന നിലയില്‍ ഇതിനെ കാണേണ്ടതില്ലെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ സോളാര്‍ പീഡന കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത് പരാതിക്കാരി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്. നീതി ഉറപ്പാക്കുന്നതിനുള്ള സ്വാഭാവിക നടപടി എന്ന നിലയിലാണ് ഇത്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. മറ്റു പല കേസുകളിലും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നപ്പോള്‍ ഇതേ നിലപാട് സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

നിയമാനുസൃതമായാണ് സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയത്. നിയമം അതിന്റെ വഴിക്ക് എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും തെളിവ് ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടിയും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News