16കാരനെ ചുറ്റികകൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

Update: 2026-03-06 07:57 GMT

ഭോപ്പാല്‍: 16കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഭരത് വിശ്വകര്‍മയെയാണ് പ്രതിയായ ഗുഡ്ഡ പട്ടേല്‍ കൊലപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം ആണ്‍കുട്ടിയുടെ തലയില്‍ നിന്ന് രക്തം കുടിക്കുകയും ശരീരത്തില്‍ നിന്ന് മാംസം പറിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറയുന്നു. മധ്യപ്രദേശിലെ ദാമോയ്ക്കു സമീപമുള്ള ഗ്രാമത്തിലാണ് സംഭവം.

ഇന്നലെ ഉച്ചയ്ക്ക് ശേഷം സഹോദരിയെ കാണാന്‍ പോകുന്നതിനിടെ ഭരത് വിശ്വകര്‍മയെ പ്രതി ആക്രമിക്കുകയായിരുന്നു. ആദ്യം ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് നിലത്തിട്ട പ്രതി പിന്നീട് ചുറ്റികകൊണ്ട് മാരകമായി ആക്രമിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ പ്രതി ആണ്‍കുട്ടിയുടെ തലയില്‍ നിന്ന് രക്തം കുടിക്കാന്‍ ശ്രമിച്ചതായും ശരീരത്തില്‍ നിന്ന് മാംസം പറിച്ചെടുക്കാന്‍ ശ്രമിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ജില്ലാ ചീഫ് സൂപ്രണ്ട് ഓഫ് പോലിസ് എച്ച് ആര്‍ പാണ്ഡെ പറഞ്ഞു. സംഭവത്തില്‍ അവിടെയുണ്ടായിരുന്ന ചിലര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയും പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

ആക്രമണത്തിന് ശേഷം സമീപ വയലുകളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറി. പോലിസെത്തിയപ്പോഴും അക്രമാസക്തമായി പെരുമാറുകയും ചുറ്റുമുണ്ടായിരുന്നവരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭരത് വിശ്വകര്‍മയെ ദാമോയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും തമ്മില്‍ മുന്‍വൈരാഗ്യമോ തര്‍ക്കമോ ഉണ്ടായിരുന്നില്ലെന്ന് പോലിസ് വ്യക്തമാക്കി. ഭായ് ദൂജ് ആഘോഷിക്കാന്‍ സഹോദരിയുടെ വീട്ടിലേക്ക് നടക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഗുഡ്ഡ പട്ടേലിന് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: