ക്ലാസ്മുറിയില്‍ മദ്യപാനം; സര്‍ക്കാര്‍ സ്‌കൂളിലെ ആറു വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു
തിരുനല്‍വേലി: ക്ലാസ് മുറിയില്‍ പരസ്യമായി മദ്യപിച്ചതിന് തിരുനല്‍വേലിയിലെ പാളയംകോട്ടയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ആറു വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനികള്‍ക്ക് മദ്യം എങ്ങനെയാണ് ലഭിച്ചത്, ആരാണ് അത് നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
അച്ചടക്കനടപടിയുടെ ഭാഗമായി സസ്‌പെന്‍ഷന്‍ ചെയ്തിട്ടുണ്ടെങ്കിലും പരീക്ഷ എഴുതുന്നതില്‍ നിന്ന് വിദ്യാര്‍ഥിനികളെ വിലക്കിയിട്ടില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്‌കൂളിലെ മേല്‍നോട്ട സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അധ്യാപകര്‍ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും സ്‌കൂള്‍ പരിസരത്ത് കൃത്യമായ പരിശോധനകളും നിരീക്ഷണവും നടക്കുന്നില്ലെന്നും വിമര്‍ശകര്‍ ആരോപിച്ചു.