ഭീകരബന്ധം ആരോപിച്ച് ആറു പേരെ ഡല്‍ഹി പോലിസ് സ്‌പെഷല്‍ സെല്‍ പിടികൂടി

നവരാത്രി ആഘോഷങ്ങള്‍ നടക്കാനിരിക്കെ ഡല്‍ഹി, മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടെന്നാണ് പോലിസ് വാദം.

Update: 2021-09-14 14:25 GMT

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടെന്ന് ആരോപിച്ച് ഡല്‍ഹി പോലിസിന്റെ സ്‌പെഷല്‍ സെല്‍ ആറു പേരെ പിടികൂടി. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധ ശേഖരവും പിടിച്ചെടുത്തതായും പിടിയിലായവരില്‍ രണ്ട് പേര്‍ പാകിസ്താനില്‍നിന്ന് പരിശീലനം നേടിയിട്ടുണ്ടെന്നും പോലിസ് അവകാശപ്പെട്ടു.

നവരാത്രി ആഘോഷങ്ങള്‍ നടക്കാനിരിക്കെ ഡല്‍ഹി, മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടെന്നാണ് പോലിസ് വാദം. ഇതു സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ സെല്‍ ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്ന് പോലിസ് അറിയിച്ചു.

പിടിയിലായ മുഹമ്മദ് ഉസാമ, സീഷാന്‍ ഖമര്‍ എന്നിവര്‍ക്ക് പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചതായും മസ്‌ക്കറ്റ് വഴി പാകിസ്താനിലേക്കെത്തിയാണ് ഇവര്‍ പരിശീലനം നേടിയതെന്നും പോലിസ് അവകാശപ്പെട്ടു. സ്‌ഫോടക വസ്തു നിര്‍മാണത്തില്‍ പാകിസ്താനില്‍വച്ച് ഇവര്‍ക്ക് 15 ദിവസത്തെ പരിശീലനം ലഭിച്ചെന്നാണ് പോലിസ് പറയുന്നത്.

Tags: