സിദ്ദു മൂസെവാലയുടെ കൊലപാതകം: 34 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു; ഇനിയും അറസ്റ്റിലാവാന്‍ എട്ട് പ്രതികള്‍

Update: 2022-08-27 09:06 GMT

ഛണ്ഡിഗഢ്: പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 34 പേരെ പ്രതികളാക്കി പഞ്ചാബ് മാന്‍സ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. എട്ട് പ്രതികളെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ഇതില്‍ നാലുപേര്‍ വിദേശത്താണ്. മൊത്തം 122 പേരുടെ സാക്ഷിമൊഴികളാണുള്ളതെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് ഗൗരവ് ടൂറ പറഞ്ഞു. മെയ് 29നാണ് ഗായകനും രാഷ്ട്രീയ നേതാവുമായ സിദ്ദു മൂസെവാലയെ വെടിവച്ചുകൊന്നത്.

25 വെടിയുണ്ടകള്‍ മൂസെവാലയുടെ ശരീരത്തില്‍ തുളഞ്ഞുകയറിയെന്നാണ് ഓട്ടോപ്‌സി റിപോര്‍ട്ടില്‍ പറയുന്നത്. കുപ്രസിദ്ധ മാഫിയാ തലവനായ ലോറന്‍സ് ബിഷ്‌ണോയ്, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് സത്‌വീന്ദര്‍ ഗോള്‍ഡി ബ്രാര്‍, ജഗ്ഗു ഭഗവാന്‍പുരിയ, സച്ചിന്‍ ഥാപ്പന്‍, അന്‍മോല്‍ ബിഷ്‌ണോയ്, ലിപിന്‍ നെഹ്‌റ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് പറയുന്നത്. മൂസെവാലയെ വെടിവച്ച ആറുപേരില്‍ മൂന്നുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരാള്‍ ഒളിവിലാണ്.

സിദ്ദു മൂസെ വാല വധക്കേസിന്റെ അന്വേഷണത്തിനിടെ അറസ്റ്റിലായ പ്രതികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. മൂസെ വാലയെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്‌ണോയ് കൂട്ടുപ്രതികളെ ചുമതലപ്പെടുത്തിയതായി വ്യക്തമായതായി പഞ്ചാബ് പോലിസ് അറിയിച്ചു.

കഴിഞ്ഞ മാസം ലോറന്‍സ് ബിഷ്‌ണോയ്, ഗോള്‍ഡി ബ്രാര്‍ സംഘവുമായി ബന്ധമുള്ള നാല് പേരെ ഹരിയാന പോലിസ് അറസ്റ്റ് ചെയ്യുകയും ജില്ലയിലെ മഹേഷ് നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ധാരാളം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും അംബാല പോലിസ് സൂപ്രണ്ട് പറഞ്ഞു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരേ മൂസെവാലയുടെ കുടുംബം കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    

Similar News