കൊച്ചി ബാര്‍ ഹോട്ടലിലെ വെടിവയ്പ്പ്; പിടിയിലായ പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസ്

Update: 2022-10-27 06:33 GMT

കൊച്ചി: കുണ്ടന്നൂരിലെ ബാര്‍ ഹോട്ടലിലുണ്ടായ വെടിവയ്പ്പില്‍ പിടിയിലായ പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കൊല്ലം സ്വദേശി റോജന്‍, ഇയാളുടെ സുഹൃത്തായ അഭിഭാഷകന്‍ ഹെറാള്‍ഡ് എന്നിവര്‍ക്കെതിരേയാണ് കേസ്. പ്രതികളുമായി ഇന്ന് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തും. ഇന്ന് രാവിലെയാണ് പ്രതികളുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷയും പോലിസ് ഇന്ന് നല്‍കുമെന്നാണ് വിവരം.

ഇന്നലെ രാത്രിയാണ് മരട് ഓജീസ് കാന്താരി ഹോട്ടലില്‍ വെടിവയ്പ്പുണ്ടായതായി പോലിസിന് വിവരം ലഭിക്കുന്നത്. എന്നാല്‍, വൈകീട്ട് നാലുമണിക്കായിരുന്നു സംഭവമെന്ന് ബാര്‍ ജീവനക്കാര്‍ പറയുന്നു. മദ്യപാനത്തിന് ശേഷം പണംകൊടുത്തതിന് പിന്നാലെ കൈയിലുണ്ടായിരുന്ന തോക്കെടുത്ത് ഹോട്ടലിന്റെ ഭിത്തിയിലേക്ക് റോജന്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ജീവനക്കാര്‍ പോലിസിനോട് പറഞ്ഞു. ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ട പ്രതികളെ പോലിസ് തിരച്ചിലിനൊടുവില്‍ പിടികൂടുകയായിരുന്നു. സംഭവത്തിനുശേഷം ബാര്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

Tags:    

Similar News