വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ശിവസേന; ഹരജി സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും

Update: 2022-07-17 14:04 GMT

ന്യൂഡല്‍ഹി: വിമത ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ നല്‍കിയ ഹരജി സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും. ഇതേ വിഷയത്തില്‍ മറ്റു ചിലരും ഹരജികള്‍ നല്‍കിയിട്ടുണ്ട്. അതും ഇതിനൊപ്പം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ ബെഞ്ചിലാണ് കേസ്.

ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്നാണ് ഉദ്ധവിന്റെ വാദം. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുളളള തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നാണ് വിമതരുടെ വാദം.

ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിലെ ഒരു മന്ത്രിക്കും സത്യവാചകം ചൊല്ലിക്കൊടുക്കരുതെന്ന് മഹാരാഷ്ട്ര ഗവര്‍ണറോട് ശിവസേന അഭ്യര്‍ത്ഥിച്ചിരുന്നു. ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന്റെ നിയമസാധുതയും ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു.

വിധി വരുന്നത് വരെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്തും സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) ഗവണ്‍മെന്റിന്റെ പതനത്തെത്തുടര്‍ന്ന് വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ ജൂണ്‍ 30നാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി.

മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി രാജേന്ദ്ര ഭാഗവത് 53 ശിവസേന എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Tags: