ശിവസേനയിലെ പിളര്‍പ്പ് താഴെ തലങ്ങളിലേക്ക്; താനെ കോര്‍പറേഷനിലെ 67 മുന്‍ കൗണ്‍സിലര്‍മാരില്‍ 66 പേരും വിമതപക്ഷത്ത്

Update: 2022-07-07 13:50 GMT

മുംബൈ: ഉദ്ദവ് താക്കറെ സര്‍ക്കാരിന്റെ രാജിയിലേക്ക് നയിച്ച ശിവസേനയിലെ വിമതനീക്കം കീഴ്ത്തട്ടിലേക്കും പരക്കുന്നു. താനെ കോര്‍പറേഷനിലെ 67 മുന്‍ കൗണ്‍സിലര്‍മാരില്‍ ഒരാളൊഴിച്ച് എല്ലാവരും വിമത നേതാവും മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ചു. ഷിന്‍ഡെയുടെ സ്വന്തം നഗരമാണ് താനെ.

കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. താനെ കോര്‍പറേഷനിലെ ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ്  തിരഞ്ഞെടുപ്പ് കാത്തിരിക്കുകയാണ്.

ഉദ്ദവ് താക്കറെക്ക് വലിയൊരു തിരിച്ചടിയാണ് ഇതെന്നാണ് വിലയിരുത്തല്‍. ബാലെസാബഹ് താക്കറെ പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ പിടിച്ചുനിര്‍ത്താനുള്ള വലിയ ശ്രമങ്ങളാണ് ഉദ്ദവ് നടത്തുന്നതെങ്കിലും ഒന്നും വിജയിച്ചിട്ടില്ല.

ബാലസാഹബിന്റെ പൈതൃകത്തിന് തങ്ങളാണ് അവകാശിയെന്നാണ് ഷിന്‍ഡെയുടെ നിലപാട്. തന്റെ ചോംബറില്‍ താക്കറെയുടെ ചിത്രവും സ്ഥാപിച്ചതിന്റെ സൂചനയും അതാണ്.

നിയമസഭയില്‍ 55ല്‍ 40 പേരും ഷിന്‍ഡെയുടെ കൂടെയായിരുന്നു.

താഴെ തലത്തിലുളള പ്രവര്‍ത്തകരുടെ പിന്തുണയാണ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനം. പാര്‍ട്ടി പിളര്‍ന്നുകഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് ചിഹ്നം ആര്‍ക്കുലഭിക്കുമെന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍ കിടക്കുന്ന കാര്യമാണ്.

ഷിന്‍ഡെക്ക് മുഖ്യമന്ത്രി പദവി നല്‍കിയതുതന്നെ താഴെ തലത്തിലുള്ള ശിവസേന പ്രവര്‍ത്തകരെ അടുപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News