മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ പേരില്‍ വനിതാ സംവരണം മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് ശശി തരൂര്‍

Update: 2026-04-17 09:16 GMT

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ പേരില്‍ വനിതാ സംവരണം മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് ശശി തരൂര്‍. മണ്ഡല പുനര്‍നിര്‍ണ്ണയം നടപ്പിലാക്കുമ്പോള്‍ രാജ്യത്തെ വലിയ സംസ്ഥാനങ്ങളും ചെറിയ സംസ്ഥാനങ്ങളും തമ്മിലുള്ള പ്രാതിനിധ്യത്തിലെ അന്തരം വര്‍ധിക്കുമെന്നും ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ തന്നെ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ മതിയായ സമയം ലഭിക്കാത്ത സാഹചര്യത്തില്‍, മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

പുതിയ ഭേദഗതി ബില്ലിന്മേല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ, ഏപ്രില്‍ 16 മുതല്‍ പഴയ നിയമം പ്രാബല്യത്തില്‍ വന്നതായി വിജ്ഞാപനം ഇറക്കിയത് ദുരൂഹമാണെന്ന് കെ സി വേണുഗോപാല്‍ എംപി ആരോപിച്ചു.

അതേസമയം, ഭരണഘടനാ ഭേദഗതിയായതിനാല്‍ ബില്‍ പാസ്സാകാന്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അത്യാവശ്യമാണ്. നിലവില്‍ 293 അംഗങ്ങളുള്ള ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ബില്‍ പാസ്സാക്കിയെടുക്കാന്‍ 67 എംപിമാരുടെ പിന്തുണ കൂടി അധികമായി വേണ്ടിവരും.

ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ പുലര്‍ച്ചെ ഒരു മണി വരെ നീണ്ടുനിന്നിരുന്നു. വനിതാ സംവരണം നടപ്പിലാക്കുന്നതിനെ മണ്ഡല പുനര്‍നിര്‍ണ്ണയവുമായി ബന്ധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഇത് വളഞ്ഞ വഴിയിലൂടെ ഭരണം നിലനിര്‍ത്താനുള്ള ബിജെപി തന്ത്രമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.

ചര്‍ച്ചകള്‍ക്കായി സ്പീക്കര്‍ ഓം ബിര്‍ള 12 മണിക്കൂറാണ് അനുവദിച്ചിരുന്നതെങ്കിലും, സഭയിലെ വാദപ്രതിവാദങ്ങള്‍ കണക്കിലെടുത്ത് സമയം നീട്ടി നല്‍കുകയായിരുന്നു.

Tags: