കീം പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾക്കെതിരേ കേസെടുത്തതിൽ പ്രതിഷേധവുമായി ശശി തരൂർ

Update: 2020-07-23 04:20 GMT

തിരുവനന്തപുരം: പട്ടം സെന്റ് മേരിസ് സ്കൂളിൽ കീം പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾക്കെതിരേ കേസെടുത്ത നടപടിയിൽ കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പ്രതിഷേധം. കേസെടുത്ത നടപടി തികച്ചും പ്രകോപനപരമാണെന്ന് തരൂർ അഭിപ്രായപ്പെട്ടു. എഫ്ബിയിൽ എഴുതിയ കുറിപ്പിലൂടെയാണ് തരൂരിന്റെ പ്രതികരണം.

തിരുവനന്തപുരം പട്ടത്തെ സെന്റ് മേരിസ് സ്കൂളിൽ കീം പരീക്ഷക്ക് വന്ന വിദ്യാർത്ഥികൾക്കെതിരേയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് പോലിസ് കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്നാരോപിച്ച് കേസെടുത്തത്. വിദ്യാർത്ഥികൾക്കു പുറമെ പുറത്ത് കൂടിനിന്ന രക്ഷിതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.

കൊവിഡിന്റെ സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിവിധ വിദ്യാർത്ഥി- രാഷ്ട്രീയ നേതാക്കൾ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും സർക്കാർ വഴങ്ങിയില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ വേണമെന്ന ആവശ്യവും അം​ഗീകരിച്ചില്ല. പരീക്ഷയ്ക്കെത്തിയ ഏതാനും വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തരൂരിന്റെ എഫ് ബി പോസ്റ്റിന്റെ പൂർണ രൂപം

പട്ടം സെന്റ് മേരിസ് സ്കൂളിൽ KEAM പരീക്ഷക്ക് വന്ന വിദ്യാർത്ഥികൾക്കെതിരെ കൂട്ടം കൂടി നിന്ന് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു എന്ന വാർത്ത എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വിദ്യാർത്ഥികളുടെ പേരുകളും അഡ്രസ്സും പോലീസ് ആവശ്യപ്പെട്ടു എന്നാണ് കേൾക്കുന്നത്. തികച്ചും പ്രകോപനപരമാണത്.

വിദ്യാർത്ഥി സമൂഹവും രാഷ്ട്രീയ നേതാക്കളും, ഞാനടക്കം, കേരള സർക്കാരിനോട് കോവിഡ് മഹാമാരി കേരളത്തിൽ വ്യാപിക്കപ്പെടുന്ന ഈ സമയത്ത് പരീക്ഷ നീട്ടിവെക്കണം എന്നഭ്യർത്ഥിച്ചിരുന്നു. പക്ഷെ, തികച്ചും നിരുത്തരവാദപരമായി സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുകയാണുണ്ടായത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ ചിലർ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരായിരുന്നു എന്നതും തികച്ചും ആശങ്ക സൃഷ്ടിക്കുന്നു.

ജനത്തിരക്ക് ഒഴിവാക്കാൻ കൂടുതൽ സെന്ററുകൾ അനുവദിക്കാതെ, സർക്കാരിന്റെ തീരുമാനപ്രകാരം നടത്തിയ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത നടപടിക്കെതിരെ ഞാൻ ശക്തിയായി അപലപിക്കുന്നു. സർക്കാർ അവരുടെ കഴിവില്ലായ്മ മറക്കാൻ പൗരന്മാർക്കെതിരെ തിരിയുന്ന പ്രവണത അവസാനിപ്പിച്ചേ ഒക്കൂ. വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ ശക്തിയായി ഞാൻ ആവശ്യപ്പെടുന്നു

Tags:    

Similar News