ശശി തരൂര്‍ വെറും ട്രെയിനി, കോണ്‍ഗ്രസ്സിനെ നയിക്കാനുള്ള പരിചയസമ്പത്തില്ലെന്ന് കെ സുധാകരന്‍

Update: 2022-10-16 07:22 GMT

കൊച്ചി: ശശി തരൂര്‍ കഴിവുള്ളയാളാണെങ്കിലും അദ്ദേഹത്തിന് കോണ്‍ഗ്രസ്സിനെപ്പോലെ ഒരു പാര്‍ട്ടിയെ നയിക്കാനുള്ള പരിചയസമ്പത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ എന്തുകൊണ്ട് തരൂരിനെ പിന്തുണയ്ക്കുന്നില്ലെന്നതിന് വിശദീകരണം നല്‍കിയത്. ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നയിക്കാനുള്ള കഴിവ് മാത്രമാണ് മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.

'ഒരു ജനാധിപത്യ പാര്‍ട്ടിയില്‍, നയിക്കാനുള്ള കഴിവ് മാത്രമാണ് മാനദണ്ഡം. തരൂര്‍ ഒരു നല്ല മനുഷ്യനാണ്, പാണ്ഡിത്യമുള്ള വ്യക്തിയാണ്. എന്നാല്‍ സംഘടനാ കാര്യങ്ങളില്‍ തരൂരിന് പാരമ്പര്യമില്ല. ഞാന്‍ കെ.പി.സി.സി പ്രസിഡണ്ടായത് താഴെത്തട്ടില്‍നിന്ന് ഉയര്‍ന്ന് വന്നശേഷമാണ്. രാഷ്ട്രീയമണ്ഡലത്തില്‍ തരൂരിന്റെ അനുഭവപരിചയം വളരെ പരിമിതമാണ്. അദ്ദേഹം ബുദ്ധിമാനും കഴിവുള്ളവനുമാണ്, എന്നാല്‍ ഒരു പാര്‍ട്ടിയെ നയിക്കാന്‍ ആ ഗുണങ്ങള്‍ മാത്രം പോരാ'- അദ്ദേഹം പറഞ്ഞു.

പ്രായം ഒരു ഘടകമല്ല, അനുഭവമാണ് പ്രധാനം. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ദേശീയ അധ്യക്ഷന്‍ എന്ന വലിയ ഉത്തരവാദിത്തമുള്ള സ്ഥാനത്തിന്, പ്രത്യേകിച്ച് കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിയില്‍, അനുഭവപരിചയം വളരെ പ്രധാനപ്പെട്ട ഘടകമാണ്. തരൂരിന് അങ്ങനെയൊരു പശ്ചാത്തലമില്ല. തരൂര്‍ ബുദ്ധിമാനും കഴിവുള്ളവനുമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ നമുക്ക് വേണ്ടത് അനുഭവപരിചയമാണ്. താന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് അനുഭവപരിചയമില്ലാത്തതിന്റെ അപകടങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണെന്നും സുധാകരന്‍ പറഞ്ഞു.

പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനാകാനുള്ള രാഹുലിന്റെ ശ്രമത്തിന്റെ തുടക്കമാണ് ഭാരത് ജോഡോ യാത്ര സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താഴെത്തട്ടില്‍നിന്ന് ഉയര്‍ന്നു വന്ന നേതാവാണ് ഖാര്‍ഗെയെന്നും അദ്ദേഹത്തിന് പാര്‍ട്ടിയെ നയിക്കാനാവുമെന്നും അക്കാദമിക കഴിവുള്ളതുകൊണ്ടുമാത്രം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനഃശാസ്ത്രം മനസ്സിലാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: