ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടത് അപ്രതീക്ഷിതമായി; ഷാജറിനെതിരേ നടപടി വേണ്ടെന്ന് ഡിവൈഎഫ്‌ഐ

Update: 2022-12-29 06:22 GMT

കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജര്‍ വേദി പങ്കിട്ടത് അവിചാരിതമെന്നും നടപടി വേണ്ടെന്നും നേതൃത്വം. വീഴ്ച പറ്റിയത് ക്രിക്കറ്റ് മല്‍സരത്തില്‍ ആകാശിനെ പങ്കെടുപ്പിച്ച പ്രാദേശിക നേതൃത്വത്തിനാണ്. ട്രോഫി നല്‍കി മടങ്ങലല്ലാതെ ഷാജറിന് മറ്റുവഴികളില്ലായിരുന്നു.

തില്ലങ്കേരി ലോക്കല്‍ കമ്മറ്റി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തതോടെ സംഭവം അടഞ്ഞ അധ്യായമായെന്നും ഇക്കാര്യത്തില്‍ ഇനി ഡിവൈഎഫ്‌ഐ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് സംഘടനയുടെ നിലപാട്. തില്ലങ്കേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മല്‍സരത്തിലെ സമ്മാനം നല്‍കാനാണ് ഡിവൈഎഫ്‌ഐ നേതാവ് ഷാജര്‍ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ ക്വട്ടേഷന്‍, ലഹരിക്കടത്ത് സംഘത്തലവനായ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കാംപയിന്‍ നടത്തിയിരുന്നു.

കഴിഞ്ഞ ജൂണില്‍ തില്ലങ്കേരിയില്‍ ഡിവൈഎഫ്‌ഐ ജാഥയും നടത്തി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു. അതിനിടെ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകാരെണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുകയും രാത്രിയായാല്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ നടത്തുകയും ചെയ്യുന്ന ആകാശ് തില്ലങ്കേരിക്കെതിരേ കഴിഞ്ഞ വര്‍ഷം ഷാജര്‍ നടത്തിയ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

Tags: