ഹര്‍ത്താല്‍ മറവില്‍ വ്യാപക അക്രമം; സിപിഎം ഓഫിസുകള്‍ തീയിട്ട് നശിപ്പിച്ചു; വ്യാപാരി നേതാവ് നസറുദ്ധീന്റെ വീടിനു നേരെ ആക്രമണം; വാഹനം കിട്ടാതെ രോഗിയായ വീട്ടമ്മ മരിച്ചു

ലപ്പുറം തവനൂരില്‍ സിപിഎം ഓഫിസിന് സംഘ്പരിവാരം തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശായ്ക്ക് തീയിട്ടു. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ത്തു. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. ഹര്‍ത്താലില്‍ കുടുങ്ങി യാത്രക്കാരി തിരുവനന്തപുരത്ത് കുഴഞ്ഞുവീണ് മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മയാണ് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണത്.

Update: 2019-01-03 04:24 GMT

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത് ഹര്‍ത്താലിന്റെ മറവില്‍ വ്യാപക ആക്രമം. ടയറുകള്‍ കത്തിച്ചും മരവും കല്ലുകളും നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മലപ്പുറം തവനൂരില്‍ സിപിഎം ഓഫിസിന് സംഘ്പരിവാരം തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശായ്ക്ക് തീയിട്ടു. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ത്തു. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. ഹര്‍ത്താലില്‍ കുടുങ്ങി യാത്രക്കാരി തിരുവനന്തപുരത്ത് കുഴഞ്ഞുവീണ് മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മയാണ് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണത്. ആര്‍സിസിയില്‍ ചികില്‍സയ്‌ക്കെത്തിയതായിരുന്നു. ആംബുലന്‍സ് കിട്ടാന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

രാവിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയ അയ്യപ്പന്‍മാര്‍ അടക്കമുള്ള യാത്രക്കാര്‍ വാഹനം കിട്ടാതെ പ്രയാസപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

തിരുവനന്തപുരത്തിന് സമീപം കര്‍ണാടക ആര്‍ടിസിയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസിന് നേരെ കല്ലേറുണ്ടായി. ബസ് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി.

കോഴിക്കോട് പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. ചിലയിടങ്ങളില്‍ റോഡില്‍ ടയറുകള്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വഴി തടയുന്നു. റോഡുകളില്‍ ടയര്‍ കത്തിച്ച് വാഹനങ്ങള്‍ തിരിച്ചുവിടുന്നുണ്ട്.

കൊയിലാണ്ടിയില്‍ സിഐയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കെഎസ്ആര്‍ടിസിയുടെയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസിക്കു നേരെയും ഡിവൈഎഫ്‌ഐ ഓഫിസിനു നേരെയും കല്ലേറുണ്ടായി. കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസുറിദ്ദീന്റെ വീടിനു നേരെ ആക്രമണം. രാവിലെ എട്ടോടെയാണ് ആക്രമണമുണ്ടായത്.

കൊട്ടാരക്കര പള്ളിക്കലിലും, കോട്ടാത്തലയിലും ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലേറുണ്ടായി.

പന്തളത്ത് അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി. പന്തളത്ത് കര്‍മസമിതി പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരായ കണ്ണന്‍, അജു എന്നിവരാണ് പോലിസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസമുണ്ടായ കല്ലേറില്‍ പരുക്കേറ്റാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത്. ഏതാനും പേരെ ഇനിയും പിടികൂടാനുണ്ടെന്നു പോലിസ് അറിയിച്ചു.

കോട്ടാത്തലയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ കാറിനു നേരയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. പമ്പയില്‍ അയ്യപ്പ ഭക്തന്‍മാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. യുഡിഎഫ് കരിദിനമായും ആചരിക്കുന്നുണ്ട്.

അതേസമയം, അക്രമം നടത്തുകയോ സഞ്ചാരം തടസ്സപ്പെടുത്തുകയോ ചെയ്താല്‍ കടുത്തനടപടിയെന്ന് പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തുവകകളില്‍നിന്നോ നഷ്ടം ഈടാക്കും.

അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായി കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ അറസ്റ്റുചെയ്യും. കടകള്‍ തുറന്നാല്‍ സംരക്ഷണം നല്‍കും. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


ആക്രമണമുണ്ടായ ചിറക്കല്‍ പഞ്ചായത്തു ഓഫിസ് എസ്ഡിടിയൂ ജില്ലാ സെക്രട്ടറി നവാസ് കാട്ടാമ്പള്ളിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു.


കണ്ണൂരില്‍ ജില്ലാ ആശുപത്രിയില്‍ രക്തം കൊടുക്കാനായി പോയ യുവാക്കളുമായി സഞ്ചരിച്ച കാര്‍ അടിച്ച് തകര്‍ത്തു. അക്രമികളായ 15 ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.


ചിറക്കല്‍ പഞ്ചായത്തു ഓഫീസിനു നേരെ അക്രമം, എസ് ഡി ടി യൂ ജില്ലാ സെക്രട്ടറി നവാസ് കാട്ടാമ്പള്ളി










Tags: