ഇരു ചക്രവാഹനങ്ങളില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് ലൈംഗികമായി ആക്രമിക്കല്‍; പ്രതി പിടിയില്‍

എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്ത് എന്ന മണിക്കുട്ടനെ (31)യാണ് മലപ്പുറം വഴിക്കടവ് പോലിസ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Update: 2021-10-25 13:48 GMT

മലപ്പുറം: ഇരുചക്രവാഹനങ്ങളില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ ബൈക്കില്‍ പിന്‍തുടര്‍ന്ന്കടന്നു പിടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങളിലെ പ്രതിയെ വഴിക്കടവ് പോലിസ് അറസ്റ്റ് ചെയ്തു.എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്ത് എന്ന മണിക്കുട്ടനെ (31)യാണ് മലപ്പുറം വഴിക്കടവ് പോലിസ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സപ്തംബര്‍ 13ന് വൈകീട്ട് 7.30 ഓടെ യുവതിയെ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്. ഡ്യൂട്ടി കഴിഞ്ഞ് എടക്കരയില്‍ നിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി മുരിങ്ങമുണ്ടക്ക് അടുത്ത് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സ്‌കൂട്ടറിനു കുറുകെ ബൈക്ക് കൊണ്ട് വിലങ്ങിട്ട് തടഞ്ഞ് കയറി പിടിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ യുവതി സ്‌കൂട്ടറില്‍നിന്നു വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

യുവതി ബഹളം വെച്ചതോടെ പ്രതി ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. സംഭവസമയം പ്രതി മാസ്‌കും, ഹെല്‍മറ്റും, റെയിന്‍കോട്ടും ധരിച്ചിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ അബ്രഹാമിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചും പ്രദേശവാസികള്‍ നല്‍കിയ സൂചനകളുടേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. പ്രതിയെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തു വെച്ചാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ ചുങ്കത്തറ പുലിമുണ്ടയിലും പ്രതി സമാന രീതിയില്‍ മറ്റൊരു യുവതിയെ കയറിപ്പിടിച്ചിരുന്നു. ഉദ്യോഗസ്ഥയായ യുവതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ രാത്രി എട്ടു മണിയോടെയാണ് ആക്രമിച്ചത്. എടക്കര പോലിസ് സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ച് യുവതി പരാതി നല്‍കിയിരുന്നു.

എസ്‌ഐമാരായ എം അസൈനാര്‍, തോമസ് കുട്ടി ജോസഫ്, സിപിഒമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ്, എസ് പ്രശാന്ത് കുമാര്‍, എം എസ് അനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.

സമാനമായ നിരവധി സംഭവങ്ങള്‍ അടുത്തിടെ പ്രദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും ഭയവും മാനക്കേടും മൂലം പലരും പോലിസില്‍ പരാതി നല്‍കാന്‍ മടിക്കുകയാണെന്നാണ് സൂചനകള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News