ഒരു വിദ്യാര്‍ഥിക്കായി പൂര്‍ണ സുരക്ഷാ ക്രമീകരണം; ജാര്‍ഖണ്ഡില്‍ കൗതുകകരമായ പരീക്ഷാ കേന്ദ്രം

Update: 2026-02-18 07:19 GMT

റാഞ്ചി: പരീക്ഷ എഴുതാന്‍ എത്തിയത് ഒരേയൊരു വിദ്യാര്‍ഥി. എന്നാല്‍ സുരക്ഷയ്ക്കും മേല്‍നോട്ടത്തിനുമായി മജിസ്‌ട്രേറ്റും പോലിസും ഉള്‍പ്പടെ മുപ്പതോളം ഉദ്യോഗസ്ഥര്‍. ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അപ്‌ഗ്രേഡഡ് മിഡില്‍ സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം.

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയിലെ സംഗീതം പേപ്പര്‍ എഴുതാന്‍ ശങ്കര്‍ കുമാര്‍ സിങ് എന്ന വിദ്യാര്‍ഥിയാണ് ഒറ്റയ്ക്ക് ഹാജരായത്. 406 വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാവുന്ന സൗകര്യമുള്ള കേന്ദ്രത്തില്‍ സംഗീതം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത് ശങ്കര്‍ മാത്രമായിരുന്നു. വിദ്യാര്‍ഥി ഒരാളേ ഉണ്ടായിരുന്നുവെങ്കിലും പരീക്ഷാ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് അധികൃതര്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കി. 18 നിരീക്ഷണ സംഘങ്ങള്‍, 12 പോലിസ് ഉദ്യോഗസ്ഥര്‍, പരീക്ഷാ ചുമതലയുള്ള മജിസ്‌ട്രേറ്റ് എന്നിവരെ കേന്ദ്രത്തില്‍ നിയോഗിച്ചു. കൂടാതെ സിസിടിവി നിരീക്ഷണവും ഉറപ്പാക്കിയിരുന്നു. സംഭവം പ്രാദേശിക തലത്തില്‍ വലിയ ചര്‍ച്ചയായെങ്കിലും പരീക്ഷയുടെ സുതാര്യതയും അച്ചടക്കവും ഉറപ്പുവരുത്തുന്നതിനായാണ് എല്ലാ സംവിധാനങ്ങളും ഒരുക്കിയതെന്ന് പരീക്ഷാ കേന്ദ്രം സൂപ്രണ്ട് ഹര്‍ഷ് ജ്യോതി ശുക്ല വ്യക്തമാക്കി.

ഒരു വിദ്യാര്‍ഥിക്കായി കുടിവെള്ളം ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സ്‌കൂളില്‍ സജ്ജീകരിച്ചിരുന്നു. ഇത്തവണ ജാര്‍ഖണ്ഡില്‍ ഏഴു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതുന്നത്.

Tags: