കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായ സംഭവം; രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി.

Update: 2025-09-02 05:48 GMT

തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായിരുന്ന വിദ്യാര്‍ഥികളില്‍ രണ്ടാമനായ നബീലിന്റെ മൃതദേഹവും കണ്ടെത്തി. അഭിജിത്തിനെയും നബീലിനെയും കഴിഞ്ഞ ദിവസം തിരയില്‍പ്പെട്ട് കാണാതായിരുന്നു. തിങ്കളാഴ്ച രാവിലെ അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഇന്ന് രാവിലെ വിഎസ്എസ്സിക്കു സമീപം സൗത്ത് തുമ്പ കടലിലാണ് നബീലിന്റെ മൃതദേഹം മല്‍സ്യത്തൊഴിലാളികള്‍ കരയ്‌ക്കെത്തിച്ചത്. വിവരം ലഭിച്ചതോടെ തുമ്പ പോലിസ് സ്ഥലത്തെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. കടലില്‍ മുങ്ങിത്താഴ്ന്ന മൂന്നു പേരില്‍ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയപ്പോള്‍, അഭിജിത്തിനെയും നബീലിനെയും തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

Tags: