ഇവിടങ്ങളില്‍ ആര് ഭരിക്കണമെന്ന് എസ്ഡിപിഐ തീരുമാനിക്കും

കണ്ണൂരില്‍ പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തില്‍ ഉള്‍പ്പെട്ട മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ആര് ഭരിക്കണമെന്നും എസ്ഡിപിഐ തീരുമാനിക്കും.

Update: 2020-12-16 13:21 GMT

കോഴിക്കോട്: ഒരു നഗരസഭ ഉള്‍പ്പടെ നാല് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക എസ്ഡിപിഐ. സംസ്ഥാനത്ത് നൂറിലേറെ സീറ്റുകള്‍ നേടി വിജയിച്ച എസ്ഡിപിഐയുടെ പിന്‍തുണ അടിസ്ഥാനമാക്കിയാണ് പത്തനംതിട്ട നഗരസഭയിലും പാവറട്ടി, ഓങ്ങല്ലൂര്‍, മുഴപ്പലിങ്ങാട് ഗ്രാമപഞ്ചായത്തുകളിലും ഭരണം തീരുമാനിക്കുക.


പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും 13 സീറ്റുകള്‍ നേടി തുല്യ നിലയിലാണ്. ഇവിടെ എസ്ഡിപിഐക്ക് നാല് സീറ്റുണ്ട്. എസ്ഡിപിഐ പിന്‍തുണ ആര്‍ക്കാണ് എന്നത് അനുസരിച്ചാണ് പത്തനംതിട്ട നഗരസഭാ ഭരണം തീരുമാനിക്കപ്പെടുക.


കണ്ണൂരില്‍ പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തില്‍ ഉള്‍പ്പെട്ട മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ആര് ഭരിക്കണമെന്നും എസ്ഡിപിഐ തീരുമാനിക്കും. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച ഈ മണ്ഡലത്തില്‍ എസ്ഡിപഐ 4 വാര്‍ഡുകള്‍ നേടി. ഇപ്പോള്‍ എല്‍ഡിഎഫിന് 6ഉം യുഡിഎഫിന് 5ഉം സീറ്റുകളാണ് മുഴപ്പിലങ്ങാട് ഉള്ളത്. 4 അംഗങ്ങളുള്ള എസ്ഡിപിഐയുടെ പിന്‍തുണ ഭരണം തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും.


തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ എല്‍ഡിഎഫും യുഡിഎഫും 6 സീറ്റുകള്‍ വീതം നേടി. ഇവിടെ 2 സീറ്റുകളില്‍ എസ്ഡിപിഐയും ഒരു സീറ്റില്‍ എന്‍ഡിഎയും വിജയിച്ചു. എസ്ഡിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്‍തുണ അനുസരിച്ചാണ് പാവറട്ടി ഗ്രാമപഞ്ചായത്തിന്റെ ഭരണം തീരുമാനിക്കുക.


പട്ടാമ്പി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആര് ഭരിക്കണം എന്നതും എസ്ഡിപിഐ അംഗങ്ങള്‍ തീരുമാനിക്കും ഇവിടെ എല്‍ഡിഎഫിന് 10ഉം യുഡിഎഫിന് 8ഉം സീറ്റുകളാണ് ലഭിച്ചത്. എന്‍ഡിഎ ഒരു സീറ്റില്‍ വിജയിച്ചു. ഇവിടെ എസ്ഡിപിഐ 3 സീറ്റുകള്‍ നേടി. എസ്ഡിപിഐയുടെ പിന്‍തുണ ലഭിക്കുന്നത് അനുസരിച്ചാണ് ഭരണ കക്ഷിയെ തീരുമാനിക്കുക.


കണ്ണൂരിലെ ഇരിട്ടി നഗരസഭയില്‍ മുന്ന് സീറ്റില്‍ വിജയിച്ച എസ്ഡിപിഐയുടെ പിന്‍തുണ ഭരണകക്ഷിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. ഇവിടെ എല്‍ഡിഎഫ് 14ഉം യുഡിഎഫ് 11ഉം സീറ്റുകള്‍ നേടിയിട്ടുണ്ട്. എന്‍ഡിഎ 5 സീറ്റ് നേടി.







Tags: