പുനര്‍ഗേഹം പദ്ധതി: വാസയോഗ്യമല്ലാത്ത സ്ഥലം നല്‍കി തീരദേശക്കാരെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന് എസ്ഡിപിഐ

Update: 2022-08-18 06:20 GMT

വടകര: പുനര്‍ഗേഹം പദ്ധതിയുടെ പേരില്‍ വടകര മണ്ഡലത്തിലെ കുടിയിറക്കപ്പെട്ട തീരദേശവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്

വാസയോഗ്യമല്ലാത്ത സ്ഥലമാണെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. വടകര മുന്‍സിപ്പാലിറ്റിയിലെ മുപ്പത്തിഎഴാം വാര്‍ഡിലെ പദ്ധതി പ്രദേശത്ത് എസ്ഡിപിഐ സംഘം സന്ദര്‍ശിച്ചിരുന്നു. സ്ലാബ് ഇടാത്ത മാലിന്യം ഒഴുകുന്ന തോടിനടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കക്കൂസ് ടാങ്ക് പോലും കുഴിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. മാത്രവുമല്ല വഴിനടക്കാനുള്ള സൗകര്യമോ മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം പോലും ഈ സ്ഥലത്ത് ലഭ്യമല്ല.

വളരെ തുച്ഛ വില കൊടുത്തു വാങ്ങേണ്ട സ്ഥലം വലിയ വില കൊടുത്തു വാങ്ങിയതിലൂടെ റിയല്‍ എസ്‌റ്റേറ്റ് ഭൂ മാഫിയകളുടെ ദല്ലാളുമാരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പാലിക്കേണ്ട യാതൊരു നടപടിക്രമവും പാലിക്കാതെയാണ് ഇവിടെ വീടുകള്‍ നിര്‍മ്മിച്ചത് എന്നത് യാഥാര്‍ത്ഥ്യമാണ്. സ്വന്തമായി വീടും സ്ഥലവും ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ പെരുവഴിയിലാക്കിയ വടകരയിലെ പുനര്‍ഗേഹം പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരത്തിന് എസ്ഡിപിഐ നേതൃത്വം കൊടുക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍, റഹീം വി സി, ഹാഫിസ് ടി,റാഷിദ്, റിന്‍ഷാദ് എന്നിവര്‍ സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News