ശ്രീരാമന്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് പണം പിടുങ്ങാനുള്ള രാഷ്ട്രീയായുധം മാത്രമെന്ന് എസ്ഡിപിഐ

Update: 2021-06-14 07:45 GMT

ന്യൂഡല്‍ഹി: ശ്രീരാമനും രാം ജന്മഭൂമിയുമൊക്കെ സംഘ്പരിവാര്‍ സംഘനടകള്‍ക്ക് പണം പിടുങ്ങാനുള്ള ആയുധങ്ങള്‍ മാത്രമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ. ശ്രീരാമന്‍ ഒരിക്കലും ഒരു വിശ്വാസത്തിന്റെ പ്രശ്‌നമായിരുന്നില്ല, രാഷ്ട്രീയകരു മാത്രമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2 കോടി രൂപക്ക് വാങ്ങിയ ഏതാനും ഏക്കര്‍ ഭൂമി മിനിട്ടുകള്‍ക്കുള്ളില്‍ 18 കോടി രൂപക്ക് രാംമന്ദിര്‍നിര്‍മാണ ട്രസ്റ്റിന് വിറ്റഴിച്ച രാംജന്മഭൂമി ട്രസ്റ്റിന്റെ ഉന്നതരുടെ അനുമതിയോടെ നടന്ന ഭൂമിത്തട്ടിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ രണ്ട് വില്‍പ്പനയില്‍ ഒരാള്‍ പൊതു സാക്ഷിയുമായിരുന്നു.

ആദ്യകാലം മുതലേ തെളിവുകളൊന്നും ചൂണ്ടിക്കാട്ടാതെ രാം ജന്മഭൂമി പ്രശ്‌നം ഉയര്‍ത്തിയിരുന്നത് ഹിന്ദുത്വസംഘടനകളായിരുന്നു. രേഖകള്‍ക്കു പകരം അവര്‍ ചില മിത്തുകളും നാട്ടുമൊഴികളുമാണ് ഉയര്‍ത്തിക്കാട്ടിയത്. പിന്നീട് അവര്‍ ഹിന്ദുത്വ നേതാക്കളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ബാബരി മസ്ജിദ് പൊളിച്ചുകളഞ്ഞു. ഇതവര്‍ക്ക് അധികാരത്തിലെത്താനുള്ള വഴിയായി മാറി. അധികാരം ഉപയോഗപ്പെടുത്തി നിയമവിരുദ്ധമായ ചില ഉത്തരവുകളിലൂടെ അവര്‍ മുസ് ലിംകള്‍ക്ക് അവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്തി. ഇപ്പോള്‍ വലിയൊരു ഭൂമികുംഭകോണം തന്നെ പുറത്തുവന്നിരിക്കുന്നു. രാംമന്ദിര്‍ നിര്‍മിക്കാന്‍ വേണ്ട കൂടുതല്‍ ഭൂമിയ്ക്കുവേണ്ട നടത്തിയ ഇടപെടലിലൂടെ കോടികളാണ് അവര്‍ തട്ടിയെടുത്തത്. സംഘപരിവാര്‍ സംഘടനകള്‍ക്ക് യുക്തിയോ, നീതിബോധമോ, ദൈവഭയമോ ഇല്ല. അവരുടെ ഇത്തരം തട്ടിപ്പുകളില്‍ അദ്ഭുതപ്പെടേണ്ടതില്ല. ശരിയായ രാമഭക്തര്‍ നിശ്ശബ്ദരാക്കപ്പെടുകയാണെന്നും ഇല്യാസ് പറഞ്ഞു.

Tags: