ആലപ്പുഴ ബൈപാസ് ഗതാഗതത്തിനായി ഉടന്‍ തുറന്നു കൊടുക്കണമെന്ന് എസ്ഡിപിഐ

Update: 2021-01-19 11:21 GMT

ആലപ്പുഴ: നിര്‍മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകുന്ന ആലപ്പുഴ ബൈപാസ് ഉടന്‍ തുറന്നു കൊടുക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എം.എം.താഹിര്‍ ആവശ്യപ്പെട്ടു. ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് താല്‍പര്യമുണ്ടെന്ന് അറിയിച്ചതായും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നിന്നും ഉദ്ഘാടന തീയതി കിട്ടിയില്ലെന്നുമാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ബൈപാസ് തുറക്കാത്തതിന്റെ കാരണമായി പറയുന്നത്.

എമര്‍ജന്‍സി റോഡുകള്‍ ഇല്ലാതെ പണികഴിപ്പിച്ച ബൈപാസ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാതെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ബൈപാസ് നിര്‍മാണത്തിനിടെ വന്ന ചില സാങ്കേതിക പ്രശ്‌നങ്ങളില്‍ പോലും ബൈപാസിന്റെ പിതൃത്വം ഏറ്റെടുത്ത് ബിജെപിയും സിപിഎമ്മും പരസ്പരം പ്രസ്താവനാ യുദ്ധം നടത്തിയത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് കാരണമായിട്ടുണ്ട്. ജനങ്ങളുടെ നികുതി പണമുപയോഗിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഇരുകൂട്ടരും ബോധപൂര്‍വ്വം വിസ്മരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉദ്ഘാടനം നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമങ്ങളില്‍ നിന്നും പിന്തിരിഞ്ഞു കൊണ്ട് ബൈപാസ് ഉടന്‍ തന്നെ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നില്ലെങ്കില്‍ എസ്ഡിപിഐ ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News