യുപിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് എസ്ഡിപിഐ

Update: 2021-10-21 05:24 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കും ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കുമെതിരേ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങളെ അപലപിച്ച് എസ്ഡിപിഐ യുപി സംസ്ഥാന പ്രസിഡന്റ് ഡോ. നിസാമുദ്ദീന്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് കന്യാസ്ത്രീകള്‍ക്കു നേരെ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിടുന്നത്. ഹിന്ദു യുവവാഹിനിയും ബജ്രംഗദളുമാണ് ആക്രമണത്തിനു പിന്നില്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ സംഘടനയാണ് ഹിന്ദു യുവവാഹിനി.

മുസ് ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ആര്‍എസ്എസ്സുകാര്‍ ആഭ്യന്തര ശത്രുക്കളായാണ് കാണുന്നത്. ആര്‍എസ്എസ് നേതാവിന്റെ സിദ്ധാന്തവും അതാണ്. അതുതന്നെയാണ് ആര്‍എസ്എസ്സുകാര്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. ആദ്യം മുസ് ലിംകളെയാണ് അവര്‍ നോട്ടമിട്ടത്. ഇപ്പോള്‍ ക്രിസ്ത്യാനികളുടെ നേര്‍ക്കാണ്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന്റെ അടിമകളോ രാജ്യത്തെ രണ്ടാം തരം പൗരന്മാരോ അല്ല. അവരുടെ സുരക്ഷ ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ കടമയാണ്. അത് അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ ജനങ്ങള്‍ പ്രതിരോധം തീര്‍ക്കണം. അല്ലാതെ അതവസാനിക്കാന്‍ പോകുന്നില്ല- ഡോ. നിസാമുദ്ദീന്‍ പറഞ്ഞു.

മിര്‍പൂര്‍ കാത്തലിക് മിഷന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപിക റോഷ്‌നിയുമാണ് യുപിയില്‍ അവസാനം ആക്രമിക്കപ്പെട്ടത്. വാരണാസിയിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കവെ ഈ മാസം പത്തിനായിരുന്നു ആക്രമണം. അക്രമി സംഘം ഇവരുടെ അടുത്തേക്ക് വരികയും തുടര്‍ന്ന് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. പിന്നാലെ വലിച്ചിഴച്ച് അടുത്തുള്ള പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഹിന്ദു യുവവാഹിനി എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ആക്രമണത്തിന് ഇരായ കന്യാ സ്ത്രീകള്‍ ആരോപിച്ചു.

പോലിസ് സ്‌റ്റേഷനിലെത്തിയ ഇവര്‍ കന്യാസ്ത്രീകളെ പ്രതികളാക്കി കേസെടുക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്‌കൂള്‍ അധികൃതരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ കൂടിയാലോചിച്ച ശേഷം ഇവരെ നിരുപാധികം വിട്ടയക്കുകയായിരുന്നു. അതേസമയം, ഹിന്ദു യുവവാഹിനി സംഘടനയില്‍ നിന്നുള്ള ഭീഷണി ഭയന്ന് സംഭവത്തില്‍ പരാതി നല്‍കാന്‍ കന്യാസ്ത്രീകളും തയ്യാറായിട്ടില്ല. നേരത്തെ ത്സാന്‍സിയിലും സമാനമായി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിരുന്നു.

Tags:    

Similar News