യുഎസ്സിലെ സ്‌കൂളില്‍ വെടിവയ്പ്: 18 കുട്ടികളടക്കം 21 മരണം; അക്രമിയായ 18കാരനെ പോലിസ് വധിച്ചു

Update: 2022-05-25 01:16 GMT

ടെക്‌സാസ്: യുഎസ്സിലെ സൗത്ത് ടെക്‌സാസില്‍ 18കാരന്‍ എലിമെന്ററി സ്‌കൂളില്‍ നടത്തിയ വെടിവയ്പില്‍ കുട്ടികളടക്കം നിരവധി പേര്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ 18കാരനെ പോലിസ് വെടിവച്ചുകൊന്നു.

വെടിവയ്പില്‍ 18 കുട്ടികളും 3 മുതിര്‍ന്നവരുമാണ് മരിച്ചത്. 18 വയസ്സുള്ള സാല്‍വദോര്‍ റാമോസാണ് അക്രമിയെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ട് പറഞ്ഞു. വധിക്കപ്പെടുംമുമ്പ് ഇയാള്‍ രണ്ട് പോലിസുകാര്‍ക്കെതിരേ വെടിവച്ചിരുന്നു. പക്ഷേ, രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല.

അക്രമി തനിച്ചായിരുന്നുവെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ഒരു കൈത്തോക്കുപയോഗിച്ചാണ് ആക്രമണം നടത്തിയത്. 

ആദ്യം 14 സ്‌കൂള്‍കുട്ടികളും ഒരു അധ്യാപകനും മരിച്ചെന്നാണ് കരുതിയിരുന്നത്. പിന്നീട് പോലിസാണ് മരണം 18ആയതായി അറിയിച്ചത്.

വെടിയുതിര്‍ത്തതിന് കാരണം എന്താണെന്ന് വ്യക്തമല്ല. അമേരിക്കന്‍ സ്‌കൂളുകളില്‍ വെടിവയ്പ് അസാധാരണമല്ല.

അക്രമി സ്വന്തം വാഹനത്തിലാണ് സ്‌കൂളിലെത്തിയത്. വാഹനം പുറത്തുപേക്ഷിച്ച് നേരെ തോക്ക് വലിച്ചൂരി വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിലേക്ക് പുറപ്പെടും മുമ്പ് ഇയാള്‍ സ്വന്തം മുത്തശ്ശിയെ വെടിവച്ചുകൊന്നിരുന്നു. രണ്ട് വെടിവയ്പുകളും തമ്മിലുള്ള ബന്ധം വ്യക്തമല്ല.

ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ പത്ത് ദിവസം മുമ്പ് പത്ത് പേരെ വെടിവച്ചുകൊന്നിരുന്നു. ഈ സംഭവത്തിലും ഒരു പതിനെട്ടുകാരനായിരുന്നു. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News