ദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വൈകിച്ച നടപടി; യുപി സർക്കാരിനെതിരേ രൂക്ഷവിമർശനം

Update: 2025-06-30 06:19 GMT

ലഖ്നോ: അലിഗഡിലെ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ചേർന്നിട്ടുള്ള 3,500 ദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വൈകിയതിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവി മായാവതി . വിഷയത്തിൽ യോഗി ആദിത്യനാഥ് വിശദീകരണം നൽകണമെന്ന് ചന്ദ്രശേഖർ ആസാദും വ്യക്തമാക്കി.

യൂണിവേഴ്സിറ്റിയും ജില്ലാ ഭരണകൂടവും ആവർത്തിച്ച് അപ്പീൽ നൽകിയിട്ടും ലഖ്നൗവിലെ സാമൂഹ്യക്ഷേമ വകുപ്പിന് വിഷയത്തോട് അവഗണനയാണെന്ന് മായാവതി പറഞ്ഞു.

"ഈ വിദ്യാർഥികളുടെ ഭാവി തുലാസിലാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഞാൻ അഭ്യർഥിക്കുന്നു," മായാവതി എക്സിൽ കുറിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, തങ്ങളുടെ സ്കോളർഷിപ്പ് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിലെ ദലിത് വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്.

നിരസിക്കപ്പെട്ട സ്കോളർഷിപ്പ് ഫോമുകൾ സംബന്ധിച്ച് വിദ്യാർഥികൾ വൈസ് ചാൻസലറെ സമീപിച്ചപ്പോൾ, അവരുടെ രൂപത്തിന്റെയും പശ്ചാത്തലത്തിന്റെയും പേരിൽ അവരെ അപമാനിക്കുകയായിരുന്നു സർവകലാശാല അധികൃതർ എന്ന് ചന്ദ്രശേഖർ ആസാദ് ആരോപിച്ചു.

ഈ പെരുമാറ്റം മനുഷ്യത്വരഹിതമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 15, 17 ന്റെ ലംഘനമാണെന്നും പറഞ്ഞ ആസാദ്, നിരസിക്കപ്പെട്ട സ്കോളർഷിപ്പ് ഫോമുകളെ കുറിച്ച് ഉന്നതതല അന്വേഷണവും ദലിത് വിദ്യാർഥികൾ നേരിടുന്ന "അധിക്ഷേപങ്ങളും ഭീഷണികളും" സംബന്ധിച്ച് സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണവും വേണമെന്ന് ആവശ്യപ്പെട്ടു.

ഇത് സ്കോളർഷിപ്പുകൾക്കു വേണ്ടിയുള്ള പോരാട്ടം മാത്രമല്ലെന്നും ഭരണഘടനയ്ക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണെന്നും ആസാദ് പറഞ്ഞു.പാർലമെന്റിലും തെരുവുകളിലും താൻ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം, പ്രശ്നം ഉടൻ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

Tags: