ഇഡി അധികാരങ്ങള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രിംകോടതി വിധി ഇന്ന്

242 ഹരജികളിലാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് വിധി പറയുക

Update: 2022-07-27 05:53 GMT
ഇഡി അധികാരങ്ങള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രിംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി:ഇഡിയുടെ അധികാരങ്ങളും,അധികാര പരിധിയും ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും.2002ലെ കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചോദ്യം ചെയ്തുള്ള 242 ഹരജികളിലാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് വിധി പറയുക.

കാര്‍ത്തി ചിദംബരം, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയ പ്രമുഖര്‍ കേസിലെ ഹരജിക്കാരില്‍ ഉള്‍പ്പെടുന്നു.ഇഡിയുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം, ജാമ്യം ലഭിക്കുന്നതിനുള്ള കര്‍ശന വ്യവസ്ഥകള്‍, ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കുറ്റാരോപിതര്‍ നല്‍കുന്ന മൊഴി കോടതികളില്‍ തെളിവായി ഉപയോഗിക്കാനുള്ള അനുമതി ഉള്‍പ്പെടെയുള്ള കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടന വിരുദ്ധമാണ് എന്നാണ് ഹരജിക്കാര്‍ ഉന്നയിച്ചിരിക്കുന്ന വാദം.അറസ്റ്റിന്റെ കാരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കല്‍, ഇസിഐആര്‍ പകര്‍പ്പ് ഇല്ലാതെ ആളുകളുടെ അറസ്റ്റ് അടക്കമുളള വ്യവസ്ഥകളാണ് ഹരജികളില്‍ ചോദ്യം ചെയ്യുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് ജാമ്യം നല്‍കിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിരീക്ഷണങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി നല്‍കിയ അപ്പീലും ഇതിനോടൊപ്പം ഉണ്ട്.

Tags:    

Similar News