പ്രവാസികള്‍ക്ക് തിരിച്ചടി: കാലാവധി തീര്‍ന്ന വിസകള്‍ പുതുക്കാനാവില്ലെന്ന് സൗദി

തൊഴില്‍ വിസയുടെ കാലാവധി രണ്ടു വര്‍ഷമാണെന്നും, കാലാവധി അവസാനിച്ച ശേഷം വിസ പുതുക്കാനോ ദീര്‍ഘിപ്പിക്കാനോ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.

Update: 2020-12-10 04:05 GMT
റിയാദ്: കാലാവധി തീര്‍ന്ന വിസകള്‍ ദീര്‍ഘിപ്പിക്കാനോ പുതുക്കാനോ കഴിയില്ലെന്ന് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. കൊവിഡിന്റെ പശ്ചാതലത്തില്‍ വിസാ നിബന്ധമകളില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതെയായത്. സൗദി പൗരന്റെ അന്വേഷണത്തിന് മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിസ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി തുടരുമെന്ന് വ്യക്തമാക്കിയത്. വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാന്‍ നേടിയ വിസ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചതും മൂലം പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും ഈ വിസയുടെ കാലാവധി ഇപ്പോള്‍ അവസാനിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച് സൗദി പൗരന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ സമീപിച്ചിരുന്നു. പകരം പുതിയ വിസ ഇഷ്യു ചെയ്യേണ്ടതുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. ഇതിനു മറുപടിയായി തൊഴില്‍ വിസയുടെ കാലാവധി രണ്ടു വര്‍ഷമാണെന്നും, കാലാവധി അവസാനിച്ച ശേഷം വിസ പുതുക്കാനോ ദീര്‍ഘിപ്പിക്കാനോ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.




Tags:    

Similar News